ബോധവത്കരണം ഇടത് ദൗത്യം: നായനാര്‍
തിരുവനന്തപുരം: സാമുദായിക വര്‍ഗീയശക്തികളുടെ കൂട്ടുക്കെട്ടിനു പിന്നിലെ അപകടത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ദൗത്യമാണ് ഇടതുപാര്‍ട്ടികള്‍ക്ക് ഇനി ചെയ്യാനുള്ളതെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
എല്ലാ വര്‍ഗീയശക്തികളും ഒത്തുചേര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്പിച്ചത്. ബിജെപിയുടെ വോട്ട് എട്ടു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തെ തോല്പിക്കാന്‍ അവര്‍ യുഡിഎഫിന് വോട്ട് ചെയ്തു എന്നാണ്.അതേ സമയം എല്‍ഡിഎഫ് ശക്തമായ സീറ്റുകളിലൊന്നും വര്‍ഗീയശക്തികളും യുഡിഎഫും ഒന്നുചേര്‍ന്നുള്ള കൂട്ടുകെട്ടിന് ഒന്നും ചെയ്യാനായില്ല. മെയ് 15 ചൊവാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്താണോ തിരഞ്ഞെടുപ്പ് ഫലമെന്ന ചോദ്യത്തിന് ഉത്തരമായി 57ലെ ഇഎംഎസ് മന്ത്രിസഭ ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടും 59ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ട്ടിക്ക് 29 സീറ്റ് മാത്രമേ നേടാനായുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി വിശദമായ ഒരു വിലയിരുത്തല്‍ സിപിഎം ഇതേ വരെ നടത്തിയിട്ടില്ല. വിലയിരുത്തലിനു ശേഷം ആവശ്യമെങ്കില്‍ തെറ്റുകള്‍ തിരുത്താന്‍ പാര്‍ട്ടി തയ്യാറാണ്. അദ്ദേഹം പറഞ്ഞു.
10 മന്ത്രിമാര്‍ മാത്രമേ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. സിപിഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍ നായര്‍, കെ.ഇ.ഇസ്മയില്‍, കൃഷ്ണന്‍ കണിയാം പറമ്പില്‍ എന്നിവരും സുശീലാ ഗോപാലനുമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. സുശീലാ ഗോപാലന്‍ ആരോഗ്യസംബന്ധമായ കാരണത്താലാണ് യോഗത്തിനെത്താതിരുന്നത്.
മന്ത്രിസഭാ യോഗത്തിനു ശേഷം നായനാര്‍ സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസ്മുറിയൊഴിഞ്ഞു. തിങ്കളാഴ്ച തന്നെ അദ്ദേഹം ക്ലിഫ് ഹൗസില്‍ നിന്ന് സിപിഎം പണിതുകൊടുത്ത ഫ്ലാറ്റിലേക്ക് താമസം മാറ്റിയിരുന്നു.












Click it and Unblock the Notifications