കയറ്റിറക്കുമതി നയം: പ്രമേയം പാസാക്കി
തിരുവനന്തപുരം: കേരളത്തെ സാരമായി ബാധിക്കുന്ന കയറ്റിറക്കുമതി നയത്തിലെ നിര്‍ദ്ദേശങ്ങള്‍ മാറ്റണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി.
ഇറക്കുമതി ചുങ്കം കുറച്ചതും റബര്‍, നാളികേര ഉല്പന്നങ്ങള്‍, കയര്‍, വ്യാവസായിക ഉല്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യാനുള്ള തീരുമാനവും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ടി.കെ. ബാലന്‍ പറഞ്ഞു.
ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും എന്നാല്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടതുണ്ടെന്നും പ്രമേയത്തിനുള്ള മറുപടിയില്‍ ധനമന്ത്രി കെ. ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി.
ഇറക്കുമതി ചുങ്കം കുറച്ചതു കാരണം ആഭ്യന്തര ഉല്പന്നങ്ങള്‍ക്കുണ്ടാകുന്ന വിലയിടിവ് തടഞ്ഞു നിര്‍ത്താനും മറ്റുമായി ചീഫ് സെക്രട്ടറി ചെയര്‍മാനായി പ്രത്യേക ദൗത്യസംഘത്തെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ഇറക്കുമതിയിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും കഴിയുന്നിടത്തോളം നികുതി ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
തുടര്‍ന്ന് പ്രമേയം ഏകകണ്ഠമായി സഭ അംഗീകരിച്ചു.