കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് ഗ്രൂപ്പും ഇടയുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്ക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് മുഖ്യമന്ത്രി ആന്റണിയുമായി ഇടയുന്നു.

സ്വന്തം വകുപ്പിന്റെ കാര്യത്തില്‍ പോലും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയാത്തതിന്റെ പേരിലാണത്രെ ജലസേചന മന്ത്രി ടി. എം. ജേക്കബ് ആന്റണിയുമായി ഇടയുന്നത്. ജലസേചന വകുപ്പില്‍ ദ്വൈമാസ ബില്ലിംഗ് ഏര്‍പ്പെടുത്തുമ്പോള്‍ മീറ്റര്‍ റീഡിംഗ് നടത്തുന്നതിന് 500 പേരെ നിയമിക്കാന്‍ ജേക്കബ് പദ്ധതിയിട്ടിരുന്നു. ഒരു പൊതുയോഗത്തില്‍ വച്ച് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തി.

ജേക്കബിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ വന്ന ദിവസം തന്നെ പുതിയ തസ്തികകള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പണമില്ലാത്തതിനാല്‍ 500 പേരെ നിയമിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ജലസേചന വകുപ്പിനെ അറിയിക്കുകയും ചെയ്തു.

അധികാരത്തിലെത്തിയിട്ടും സാമ്പത്തിക പ്രതിസന്ധിയുള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ അധികാരത്തിന്റെ സുഖമനുഭവിക്കാന്‍ കഴിയാത്ത മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ആകെയുള്ള ആശ്വാസം വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ അവര്‍ ആഗ്രഹിക്കുന്നിടത്തേക്ക് സ്ഥലംമാറ്റാമെന്നുള്ളതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ആകെ നടന്നിട്ടുള്ളതും സ്ഥലം മാറ്റങ്ങളും ഉദ്യോഗസ്ഥ തലത്തിലെ അഴിച്ചുപണിയുമാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ തൊടുപുഴയില്‍ ജേക്കബ് നിര്‍ദേശിച്ചയാളെ ഡിവൈഎസ്പി ആയി നിയമിക്കാന്‍ ആന്റണി കൂട്ടാക്കിയില്ലത്രെ. ജേക്കബിന് താല്‍പര്യമുള്ള ആരെയും പ്രധാന സ്ഥാനങ്ങളിലേക്ക് നിയമിച്ചതുമില്ല. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം അറിയിക്കാന്‍ കഴിഞ്ഞ രണ്ട് യുഡിഎഫ് യോഗങ്ങളില്‍ ജേക്കബ് പങ്കെടുത്തില്ല.

സെക്രട്ടറിയേറ്റ് വളപ്പിലെ സ്വാതന്ത്യ്രസ്മാരകം തകര്‍ന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് ആന്റണി ജേക്കബിനെ അറിയിച്ചില്ലെന്ന് പറയപ്പെടുന്നു. പുരാവസ്തു, സ്മാരകങ്ങള്‍ എന്നിവയുടെ കൂടെ ചുമതലയുള്ള ജേക്കബിനെ ഇത് ചൊടിപ്പിച്ചിട്ടുണ്ട്. ജേക്കബ് ഗ്രൂപ്പിന്റെ യുവജനവിഭാഗം തക്കതായ ഒരു കാരണം കിട്ടിയാല്‍ സര്‍ക്കാരിനെതിരെ സമരം സംഘടിപ്പിക്കാന്‍ കാത്തിരിക്കുകയാണ്.

പിള്ള സൃഷ്ടിച്ചിരിക്കുന്ന തലവേദന തീരും മുമ്പേയാണ് ജേക്കബ് ഇടഞ്ഞിരിക്കുന്നത്. പിള്ളയുടെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ യുഡിഎഫ് യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേയാണ് പത്മജയുടെ നേതൃത്വത്തില്‍ സജീവമായിത്തുടങ്ങുന്ന ഐ ഗ്രൂപ്പിന്റെ അനുഗ്രഹാശ്ശിസുകളോടെ ചില എംഎല്‍എമാര്‍ ആന്റണിക്കെതിരെ പടയൊരുക്കം തുടങ്ങിയതായ ശ്രുതി പരന്നിട്ടുള്ളത്. എന്തായാലും വരുംനാളുകള്‍ ആന്റണി സര്‍ക്കാരിന് പ്രയാസമുള്ളതായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X