കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസപകടം: 11 മരണം, 7 പേരെ തിരിച്ചറിഞ്ഞു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂരിലെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ 'മലയാളം ഇന്ത്യാഇന്‍ഫോ'യോട് പറഞ്ഞു.

മരിച്ചവരില്‍ അഞ്ച് മലയാളികളെയും രണ്ട് മാണ്ഡ്യസ്വദേശികളെയുമാണ് തിരിച്ചറിഞ്ഞത്. കാലടി ശ്രീശങ്കര കോളേജ് വിദ്യാര്‍ത്ഥി ദീപേഷ് ആന്റണി, കണ്ണൂര്‍ പാനൂര്‍ സ്വദേശി മഹറൂഫ്, കൊയിലാണ്ടി സ്വദേശിനി രുഗ്മിണി (17), ഹരിപ്രകാശ്, പി.എം. മുഹമ്മദ് എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികള്‍. ഇവരെക്കുറിച്ചുള്ള പൂര്‍ണവിവരം ലഭിച്ചുവരുന്നതേയുള്ളൂ. മാണ്ഡ്യ സ്വദേശികളായ മരിയ ഗൗഡ, മണികണ്ഠന്‍ എന്നിവരുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരെല്ലാം ബസിലെ യാത്രക്കാരാണ്.

ബസില്‍ റിസര്‍വേഷന്‍ ഇല്ലാതിരുന്നതുകാരണമാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതെന്ന് കെഎസ്ആര്‍ടിസി വക്താക്കള്‍ പറഞ്ഞു.

മാണ്ഡ്യയ്ക്കും രാംനഗറിനും ഇടയ്ക്കുള്ള മദൂര്‍ ചെക്ക്പോസ്റില്‍ വച്ചാണ് അപകടമുണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ നാലു പേര്‍ ബാംഗ്ലൂര്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്. ഇവരെക്കൂടാതെ മറ്റ് ഏഴു പേരും ഇതേ ആശുപത്രിയില്‍ ഉണ്ട്. ബാക്കിയുള്ളവര്‍ ബാംഗ്ലൂര്‍ നിംഹാന്‍സിലാണ്.

ബത്തേരി ജില്ലാ ഗതാഗത ഓഫീസര്‍ ഉമ്മര്‍കുട്ടി സ്ക്വാഡ് ഉദ്യോഗസ്ഥരോടൊപ്പം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടുനിന്നും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ജൂലായ് 28 ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. 42 പേരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ ബത്തേരിക്കും ഒമ്പത് പേര്‍ കല്പറ്റയ്ക്കും ആറു വീതം പേര്‍ താമരശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലേക്കും ടിക്കറ്റെടുത്തവരായിരുന്നു. ബാക്കിയുള്ളവരില്‍ മൂന്നുപേര്‍ ഉള്ള്യേരിക്കും ഒരാള്‍ ബാലുശേരിക്കുമാണ് ടിക്കറ്റെടുത്തത്. ബാംഗ്ലൂരില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 11 മണിക്ക് പുറപ്പെട്ട ബസ് രാവിലെ ഏഴരയ്ക്ക് വടകരയില്‍ എത്തേണ്ടതായിരുന്നു.

മരിച്ചവരില്‍ രണ്ടു പേര്‍ ലോറിയിലുള്ളവരാണ്. ഇവരടക്കം എട്ടുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ബസ് ഡ്രൈവര്‍ താമരശേരി സ്വദേശി സുരേന്ദ്രനും കണ്ടക്ടര്‍ കൈവേലി സ്വദേശി ഗംഗാധരനും പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റവരില്‍ ചിലര്‍ പിന്നില്‍ വന്ന കോഴിക്കോട് സൂപ്പര്‍ ഫാസ്റ് ബസില്‍ കേരളത്തിലേക്ക് തിരിച്ചതായി കെഎസ്ആര്‍ടിസി വക്താക്കള്‍ അറിയിച്ചു.

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടം നടന്നത് വിജനമായ പ്രദേശത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടക്കാന്‍ മണിക്കൂറുകള്‍ എടുത്തു. ഇത് മരണസംഖ്യ കൂടാന്‍ കാരണമാവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X