അത്തം പത്തിന് പൊന്നോണം; ഇന്ന് അത്തം
പൂവിളികളുണര്‍ത്തുന്ന ആഗസ്ത് 22 ബുധനാഴ്ച അത്തപ്പുലരി. കേരളത്തിലെ വീടുകളിലെല്ലാം ഇന്നു മുതല്‍ പൂക്കളമൊരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു. രാവും പകലുമില്ലാതെ പൂക്കളിറുക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇത് ഉത്സവത്തിന്റെ തുടക്കം.
ഇനി പത്തു നാള്‍ പൂക്കളുടെ ഉത്സവമാണ്. അത്തം പത്തിന് പൊന്നോണം. ഈ വര്‍ഷത്തെ തിരുവോണം ആഗസ്ത് 31 വെള്ളിയാഴ്ചയാണ്. തൃക്കാക്കരയപ്പനെ ചാണകം മെഴുകിയ മുറ്റത്ത് കുടിയിരുത്തിയാണ് അത്തക്കളം ഒരുക്കുക.
ഇനിയുള്ള പത്ത് നാള്‍ പത്ത് തരം പൂവുകൊണ്ടാണ് പൂക്കളമിടേണ്ടതെങ്കിലും കേരളത്തില്‍ പൂക്കളുടെ ദൗര്‍ലഭ്യം സര്‍വസാധാരണമാവുകയാണ്. ഇറക്കുമതി ചെയ്ത റെഡിമെയ്ഡ് പൂക്കളും ചിലയിടങ്ങളിലെങ്കിലും പ്ലാസ്റിക്ക് പൂക്കളും ഇക്കാലത്തെ ഓണത്തെ കൈയടക്കിത്തുടങ്ങിയിട്ടുണ്ട്.
എങ്കിലും രാവിലെ എഴുന്നേറ്റ് പൂക്കള്‍ പറിക്കാനായി തൊടികളിലും പറമ്പുകളിലും പൂന്തോട്ടങ്ങളിലും കയറിയിറങ്ങുന്നത് മലയാളികളെ ഇപ്പോഴും ഗൃഹാതുരത്വത്തിന്റെ നൊമ്പരം തൊട്ടുണര്‍ത്തുന്നു. അത്തത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്.
ബുധനാഴ്ച വിനായക ചതുര്‍ത്ഥിയായും ആഘോഷിക്കുന്നു. ഈ ആഘോഷം പ്രമാണിച്ചും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടന്നുവരുന്നു.












Click it and Unblock the Notifications