കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി സമരത്തെ നേരിടുമെന്ന് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ കുടിലുകള്‍ കെട്ടി സമരം നടത്തുന്ന ആദിവാസികളുടെ നടപടിയെ ശക്തമായി നേരിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള സമരമുറകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സപ്തംബര്‍ 19 ബുധനാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

ആദിവാസികളുടെ പ്രശ്നം സര്‍ക്കാര്‍ അനുകമ്പയോടെയാണ് കാണുന്നത്. ഇതുവരെ കഴിയുന്നത്ര നിയന്ത്രണം പാലിച്ചു. എന്നാല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുടിലുകള്‍ കെട്ടുന്നതുപോലെയുള്ള സമരമുറകള്‍ അനുവദിക്കില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.

പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു. ഭൂരഹിതരായ ആദിവാസികള്‍ക്ക് 10,000 ഏക്കര്‍ പതിച്ചു നല്‍കാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. മുമ്പുണ്ടായിരുന്ന ഒരു സര്‍ക്കാരും ആദിവാസിപ്രശ്നങ്ങള്‍ക്ക് ഇത്രയും മുന്‍ഗണന നല്‍കിയിരുന്നില്ല. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കാണരുത്. അനധികൃതമായ സമരമാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകാനാണ് ഇപ്പോഴും സര്‍ക്കാരിന് ആദിവാസി നേതാക്കളോട് പറയാനുള്ളത് - മുഖ്യമന്ത്രി വിശദീകരിച്ചു.

ഏറ്റവും കുറഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭൂമി കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറുമാണ്. എന്നാല്‍ ഒരിക്കലും അഞ്ചേക്കര്‍ ഒറ്റയടിക്ക് നല്‍കാനാവില്ലെന്ന് ആന്റണി വ്യക്തമാക്കി. പത്താം പഞ്ചവത്സരപദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത് ആദിവാസികള്‍ക്കാണെന്നും ആന്റണി പറഞ്ഞു.

സപ്തംബര്‍ 25 ചൊവാഴ്ച ആദിവാസി സംഘടനകളുമായി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ആഭിമുഖ്യം പുലര്‍ത്തുന്ന ആദിവാസി സംഘടനകളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ സംഘടനയുടെ രണ്ടു പ്രതിനിധികളെ വീതമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. പട്ടികജാതി-പട്ടികവര്‍ഗ നിയമസഭാ സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ചര്‍ച്ചയില്‍ സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി -ദളിത് സംയുക്ത സമരസമിതിയുമായി മാത്രമായിരുന്നു സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

ആദിവാസികളുടെ പ്രശ്നങ്ങള്‍ ദീര്‍ഘകാലമായി പരിഹരിക്കാതെ കിടക്കുകയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ പുതിയ തരത്തിലുള്ള സമരമുറകള്‍ പുതിയ കീഴ്വഴക്കങ്ങള്‍ ഉണ്ടാക്കുകയായിരിക്കും ചെയ്യുക എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അതിനിടെ സെക്രട്ടറിയേറ്റിന് മുന്നില്‍ പത്തോളം കുടിലുകള്‍ ആദിവാസികള്‍ കെട്ടിക്കഴിഞ്ഞു. ഇതിന് മുന്നില്‍ വച്ചു തന്നെ അവര്‍ പാചകവും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മരണമടഞ്ഞ ആദിവാസി-ദളിത് പ്രവര്‍ത്തകന്‍ ബിജു കല്ലറയ്ക്ക് അനുശോചനമറിയിച്ചുകൊണ്ട് സപ്തംബര്‍ 19 ബുധനാഴ്ച ആദിവാസികള്‍ വിലാപയാത്ര നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X