കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക പ്രശ്നം: മന്ത്രിമാര്‍ ദില്ലിക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കുന്നതിന് മന്ത്രിസഭയുടെ ഉന്നതതല സമിതി ദില്ലിക്ക്.

റവന്യു മന്ത്രി കെ. എം. മാണിയും കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മയും കഴിയുമെങ്കില്‍ സപ്തംബര്‍ 23 ഞായറാഴ്ച തന്നെ ദില്ലിക്ക് തിരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. സപ്തംബര്‍ 22 ശനിയാഴ്ച സംസ്ഥാനത്തെ തോട്ടം മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സമിതി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റബര്‍, കാപ്പി, കുരുമുളക് തുടങ്ങിയ തോട്ടവിളകളുടെ പ്രശ്നവും നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങളും മന്ത്രിമാര്‍ ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരെ ധരിപ്പിക്കും. കൊപ്ര സംഭരണം ഉടന്‍ തുടങ്ങുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെടും. നാഫെഡിനോട് കൊപ്ര സംഭരിക്കുവാന്‍ ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഉടന്‍ തന്നെ ഫാക്സ് സന്ദേശം അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടത്താല്‍ പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ കാര്‍ഷിക കടാശ്വാസ നിയമത്തിന് രൂപം നല്‍കും. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി വിളിച്ചുകൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത തോട്ടമുടമകളുടെ നിര്‍ദേശമനുസരിച്ച് തോട്ടം മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം കാണാന്‍ മന്ത്രിമാരായ കെ. എം. മാണി, കെ. ശങ്കരനാരായണന്‍, കെ. ആര്‍. ഗൗരിയമ്മ, ബാബു ദിവാകരന്‍, കെ. സുധാകരന്‍ എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി രൂപീകരിക്കും.

റബര്‍ വില ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്ന ചില വ്യാപാരികളുടെയും വ്യവസായികളുടെയും ശ്രമങ്ങളെ കുറിച്ചും മന്ത്രിമാര്‍ കേന്ദ്രത്തെ ധരിപ്പിക്കും. സംസ്ഥാനത്ത് ഈയിടെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ സ്വത്തും ജീവനും നഷ്ടമായവര്‍ക്കുള്ള ദുരിതാശ്വാസ സഹായം നല്‍കുവാന്‍ വേണ്ട നടപടിയെടുക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി അധ്യക്ഷനായിരിക്കുന്ന സംസ്ഥാനതല പ്ലാന്റേഷന്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി 1995ന് ശേഷം ഇപ്പോഴാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാരായ കെ. എം. മാണി, കെ. ശങ്കരനാരായണന്‍, കെ. ആര്‍. ഗൗരിയമ്മ, ബാബു ദിവാകരന്‍, കെ. സുധാകരന്‍ എന്നിവര്‍ക്കും പുറമേ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ്, ഉപാസി, ഹരിസണ്‍സ് മലയാളം, എവിടി പ്ലാന്റേഷന്‍സ്, ടാറ്റാ ടീ തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X