• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അണു സംയോജനം നടത്തിയെന്ന് യുഎസ് ശാസ്ത്രജ്ഞന്‍

  • By Staff

വാഷിംഗ്ടണ്‍ : ന്യൂക്ലിയാര്‍ ഫ്യൂഷന്‍ (അണു സംയോജനം) പരീക്ഷണശാലയില്‍ സാദ്ധ്യമാണെന്ന് അവകാശ വാദം. അളവില്ലാത്ത ഊര്‍ജം മോചിപ്പിക്കുന്ന ഈ പ്രവര്‍ത്തനം ചെലവു കുറഞ്ഞ തരത്തില്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് ശാസ്ത്ര ലോകത്തിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു.

ഓക്് റിഡ്ജ് നാഷണല്‍ ലബോറട്ടറിയിലെ റൂസി പെസി ടെയില്‍യാര്‍ഖാനും സംഘവുമാണ് ഈ അവകാശ വാദവുമായി രംഗത്തെത്തുന്നത്. മേശപ്പുറത്ത് ഒരു സ്ഫടിക സിലിണ്ടറിനകത്ത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാദ്ധ്യമാക്കിയെന്നാണ് ഇവര്‍ വാദിക്കുന്നത്. പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് സയന്‍സ് മാസിക പ്രസിദ്ധപ്പെടുത്തി. വിയോജിപ്പ് പ്രകടിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞരുടെ എതിര്‍പ്പ് അവഗണിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതോടെ അമേരിക്കയിലെ ശാസ്ത്ര ലോകത്ത് വിവാദം കത്തിപ്പടരുകയാണ്്. മേശപ്പുറത്ത് അണു സംയോജനമെന്ന അവകാശ വാദത്തെ അസംബന്ധം എന്ന് മറ്റൊരു വിഭാഗം പുച്ഛിച്ചു തളളുന്നു. ഏതായാലും വാഷിംഗ്ടണ്‍ പോസ്റിലും ദി സയന്‍സിലുമെല്ലാം ന്യൂക്ലിയര്‍ ഫ്യൂഷന്‍ ചൂടുളള വാര്‍ത്തയാണ്.

സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജം ഉണ്ടാകുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴിയാണ്. ലോകജനതയെ ചാമ്പലാക്കാന്‍ ആണവശക്തികള്‍ ശേഖരിച്ചിരിക്കുന്ന ഏറ്റവും മാരകമായ ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്ത്വവും ന്യൂക്ലിയര്‍ ഫ്യൂഷനെ അടിസ്ഥാനമാക്കിയാണ്.

രണ്ടു ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ഹീലിയം ആറ്റമാകുന്ന പ്രക്രിയയാണ് സൂര്യനില്‍ നടക്കുന്നത്. ഹീലിയം ഉണ്ടാകുന്നതിനൊപ്പം അനന്തമായ ഊര്‍ജവും സ്വതന്ത്രമാകുന്നു. താപമായും പ്രകാശമായും സൗരയൂഥമാകെ പ്രസരിക്കുന്നത് ഇങ്ങനെയുണ്ടാകുന്ന ഊര്‍ജമാണ്. ഭൂമിയില്‍ ജീവന്റെ തുടിപ്പുണ്ടാകാനും അതു വളര്‍ന്ന് വികസിക്കാനും കാരണമായതും ഇങ്ങനെയുണ്ടായ ഊര്‍ജമാണ്.

ഈ രഹസ്യം മനസിലാക്കിയ കാലം മുതല്‍ നിയന്ത്രിതമായ സാഹചര്യങ്ങളില്‍ ആറ്റസംയോജനത്തിന് മനുഷ്യന്‍ ശ്രമിക്കുകയാണ്. ഇതിന്റെ നേരെ വിപരീത പ്രവര്‍ത്തനത്തെ, അതായത് അണു വിഭജനത്തെ (ന്യൂക്ലിയര്‍ ഫിഷന്‍), മെരുക്കാന്‍ മനുഷ്യന്റെ ബുദ്ധിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. E=mc2 എന്ന ഐന്‍സ്റീന്‍ സമവാക്യം അതിനുളള മാര്‍ഗം മനുഷ്യനു മുന്നില്‍ തുറന്നിട്ടു. വൈദ്യുതി ഉല്‍പാദനത്തിനുപയോഗിക്കുന്ന ആണവ റിയാക്ടറുകളും ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച ബോംബുകളും അണു വിഭജനത്തിന്റെ സംഭാവനയാണ്.

ആറ്റം വിഭജിക്കുമ്പോള്‍ സ്വതന്ത്രമാകുന്നതിന്റെ പല മടങ്ങ് ഊര്‍ജം അവ സംയോജിക്കുമ്പോള്‍ സ്വതന്ത്രമാകുമെന്ന് ശാസ്ത്രം മനസിലാക്കിയിരുന്നു. ചെലവു കുറഞ്ഞ രീതിയില്‍ പരീക്ഷണശാലയ്ക്കുള്ളില്‍ അത് സാദ്ധ്യമാക്കാനുളള ശ്രമങ്ങളും തുടങ്ങി. ആ പരീക്ഷണങ്ങള്‍ വിജയം കണ്ടെന്നാണ് ഇപ്പോള്‍ അവകാശ വാദമുയര്‍ന്നിരിക്കുന്നത്.

കാപ്പിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ചെറിയ ഒരു ഗ്ലാസ് സിലിണ്ടറിലാണ് പരീക്ഷണം നടത്തിയത്. സിലിണ്ടറിന്റെ പകുതിയോളം അസെറ്റോണ്‍ നിറയ്ക്കുന്നു. രണ്ടറ്റവും ഒരു വാക്വം പമ്പിന്റെ അഗ്രങ്ങളുമായി ബന്ധിപ്പിച്ച സിലിണ്ടര്‍, വൈദ്യുതിയെ യാന്ത്രികോര്‍ജമാക്കി മാറ്റുന്ന ഉപകരണവുമായി ഘടിപ്പിക്കുന്നു. ഈ ഉപകരണം സിലിണ്ടറിനുളളിലേയ്ക്ക് ശബ്ദ തരംഗങ്ങള്‍ കടത്തി വിടുന്നു. ശബ്ദ തരംഗങ്ങള്‍ക്കൊപ്പം ന്യൂട്രോണ്‍ കണങ്ങള്‍ കടത്തി വിടുന്ന മറ്റൊരു ഉപകരണവും സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കും.

സൂര്യനില്‍ നടക്കുന്ന ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനം ഈ ഗ്ലാസ് സിലിണ്ടറില്‍ നടക്കുമെന്നാണ് ടെയില്‍യാര്‍ ഖാന്‍ വാദിക്കുന്നത്. അണു സംയോഗം അനുകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ മുമ്പ് നടന്നിട്ടുളളത് ഹൈഡ്രജന്‍ ബോംബ് നിര്‍മ്മാണത്തിനാണ്. അതിന് ഭീമാകാരമായ ഉപകരണങ്ങളും തീവ്രമായ റേഡിയോ ആക്ടീവതയുളള പദാര്‍ത്ഥങ്ങളും ആവശ്യമാണ്. ഹൈഡ്രജന്‍ ആറ്റങ്ങളെ കൂട്ടിമുട്ടിയ്ക്കാന്‍ തന്നെ ഉയര്‍ന്ന ഊര്‍ജ സ്ത്രോതസുകള്‍ വേണ്ടിയിരുന്നു.

ഒരു ചെറിയ അളവ് യാന്ത്രികോര്‍ജം ഉപയോഗിച്ചപ്പോള്‍ ഇതിനു സമാനമായ പ്രവര്‍ത്തനം സിലിണ്ടറിനുളളില്‍ നടന്നെന്ന് ടെയില്‍യാര്‍ ഖാന്‍ പറയുന്നു. പ്രയോഗിക്കുന്ന ബലത്തിന്റെ അളവ് കൂട്ടിയാല്‍ കൂടുതല്‍ ശക്തിയുളള ഷോക്ക് അനുഭവപ്പെടുമെന്നും ഖാന്‍ വാദിക്കുന്നു.

എന്തായാലും സംഭവം ശരിയാണെങ്കില്‍ ശാസ്ത്രലോകത്തിന് ഇത് വന്‍ നേട്ടമാണ്. എവിടെയും കിട്ടുന്ന ഗ്ലാസ് സിലിണ്ടറും അസെറ്റോണും ഉപയോഗിച്ച് ഊര്‍ജം നിര്‍മ്മിക്കാനാകുമെങ്കില്‍ മാനവ പുരോഗതിയുടെ കുതിച്ചു ചാട്ടത്തിന് ഈ കണ്ടുപിടിത്തം വഴിയൊരുക്കും. ബോംബുകളും യുദ്ധോപകരണങ്ങളും നിര്‍മ്മിക്കാന്‍ മാത്രമല്ല, സാധാരണക്കാരന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനും ആണവ പരീക്ഷണങ്ങള്‍ക്ക് ഇതു വഴി കഴിയും. സംഭവം സത്യമാകട്ടേയെന്ന് നമുക്കും ആശിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more