വിധി വിഎച്ച്പിയ്ക്കും സര്‍ക്കാരിനും തിരിച്ചടി
ദില്ലി : അയോദ്ധ്യാക്കേസിലെ സുപ്രീം കോടതി വിധി വിഎച്ച്പിയ്ക്കും സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയായി. തര്‍ക്കരഹിത ഭൂമിയില്‍ ഒരു മതാനുഷ്ഠാനങ്ങളും അനുവദിക്കരുതെന്ന് കോടതി അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധമാണ് വ്യക്തമാക്കിയത്. അയോദ്ധ്യയിലെ 67.73 ഏക്കര്‍ സ്ഥലം ഇനിയൊരുത്തരവുണ്ടാകുന്നതു വരെ കേന്ദ്ര സര്‍ക്കാര്‍ കൈവശം വയ്ക്കണമെന്നും വിധിയില്‍ പറയുന്നു.
അയോദ്ധ്യയില്‍ നിലവിലുളള സ്ഥിതി തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും എന്നാല്‍ ഭൂമി പൂജ അനുവദിക്കുന്നതില്‍ വിരോധമില്ലെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജി കോടതിയില്‍ വാദിച്ചത്. നിയന്ത്രിതമായ സാഹചര്യങ്ങളില്‍ മൂന്നു മണിക്കൂര്‍ നേരത്തേയ്ക്ക് പ്രതീക പൂജ അനുവദിക്കാമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇത് കോടതി തളളി. വിഎച്ച്പിയെ പ്രീണിപ്പിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് ഇതോടെ തകര്‍ന്നത്.
നിലവിലുളള സ്ഥിതി എന്തു വിലകൊടുത്തും തുടരും എന്ന നിലപാടിലൂടെ ജനാധിപത്യ വിശ്വാസികളുടെ പിന്തുണ നേടുക, ഇപ്പോള്‍ പൂജ നടത്താന്‍ അനുവദിക്കുകയും അതിന്റെ മറവില്‍ സാവധാനം സ്ഥലം കൈക്കലാക്കാന്‍ സംഘപരിവാറിനെ സഹായിക്കുകയും ചെയ്യുക എന്ന സര്‍ക്കാരിന്റെ ദ്വിമുഖ തന്ത്രം ഇതോടെ പാളി. ഭൂമിയുടെ ഒരു ഭാഗവും ആര്‍ക്കും കൈമാറരുതെന്നാണ് വിധി.
1994ലെ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്ന കാര്യം കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. ആ ഉത്തരവ് പ്രകാരം സ്ഥലം സര്‍ക്കാരിന്റെ കൈവശമാണ്. അവിടെ പൂജ നടത്താന്‍ തടസമില്ല എന്ന മലക്കം മറിച്ചില്‍ ശരിയാണോ എന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
കോടതി വിധി തങ്ങള്‍ അനുസരിക്കുമെന്നാണ് വിഎച്ച്പി പറഞ്ഞിരുന്നത്. എന്നാല്‍ കോടതി തടഞ്ഞാല്‍ സമാധാന പരമായി അറസ്റ് വരിയ്ക്കും എന്നാണ് വി എച്ച് പി വ്യക്തമാക്കിയിരുന്നത്. അതാണ് ഇനി നടക്കാന്‍ പോകുന്നത്.