കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലങ്കര തിര. ; കലാപത്തിന് സാധ്യത

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: മലങ്കര അസോസിയേഷന്‍ മെത്രോപ്പൊലീത്തയായി മാര്‍ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കാബാവയെ തിരഞ്ഞെടുത്തു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പാത്രിയാര്‍ക്കീസ് വിഭാഗം പ്രത്യേകയോഗം കൂടി പ്രഖ്യാപിച്ചതോടെ മധ്യകേരളത്തില്‍ കലാപത്തിന് സാധ്യത.

മാര്‍ച്ച് 20 ബുധനാഴ്ച പത്തനംതിട്ടയിലെ പരുമലയില്‍ നടന്ന മലങ്കര അസോസിയേഷന്‍ യോഗമാണ് മാര്‍ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കാബാവയെ മലങ്കരസഭാ മെത്രോപ്പൊലീത്തയായി തിരഞ്ഞെടുത്തത്. സുപ്രീംകോടതി പ്രതിനിധി ജസ്റിസ് വി.എസ്. മളീമഠിന്റെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. കാതോലിക്കാബാവയെ അംഗീകരിക്കുന്ന 22 ഭദ്രാസനങ്ങളില്‍ നിന്നുള്ളവരും യോഗത്തില്‍ പങ്കെടുത്തു. 3464 പേര്‍ കാതോലിക്കാബാവയ്ക്ക് അനുകൂലമായി വോട്ടുചെയ്തു. 10 പേര്‍ എതിര്‍ത്തു. ഒമ്പതുപേരുടെ വോട്ടുകള്‍ അസാധുവായി. പാത്രിയാര്‍ക്കീസ്ബാവയെ അംഗീകരിക്കുന്ന വിഭാഗം വിട്ടുനിന്നതിനാല്‍ വോട്ടെടുപ്പ് ഏകപക്ഷീയമായിരുന്നു. ജസ്റിസ് വി.എസ്. മളീമഠ് ആണ് ഫലപ്രഖ്യാപനം നടത്തിയത്. 2001 നവമ്പര്‍ 28ന് നടന്ന സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് വോട്ടെടുപ്പ് നടന്നത്.

എന്നാല്‍ മലങ്കര അസോസിയേഷന്‍ മെത്രോപ്പൊലീത്തയായി കാതോലിക്കാബാവയെ അംഗീകരിക്കില്ലെന്ന് പാത്രീയാര്‍ക്കീസ് വിഭാഗം പ്രഖ്യാപിച്ചു. എറണാകുളംജില്ലയിലെ പുത്തന്‍കുരിശില്‍ നടന്ന സത്യവിശ്വാസിസംരക്ഷണയോഗത്തിലാണ് പാത്രീയാര്‍ക്കീസ് വിഭാഗം ഈ പ്രഖ്യാപനം നടത്തിയത്. സത്യവിശ്വാസത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്. അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധപാത്രിയാര്‍ക്കീസ് ബാവയോടുമുള്ള കൂറും വിശ്വാസവും പ്രഖ്യാപിക്കുകയായിരുന്നു പുത്തന്‍കുരിശില്‍ നടന്ന സമ്മേളനം. യുഡിഎഫ് സര്‍ക്കാര്‍ മലങ്കര സഭാതര്‍ക്കത്തില്‍ വിവേചനപരമായാണ് പെരുമാറുന്നതെന്ന് പാത്രീയാര്‍ക്കീസ് നിയുക്തകാതോലിക്കാബാവ തോമസ് മാര്‍ ദിവാന്നാസിയോസ് യോഗത്തില്‍ കുറ്റപ്പെടുത്തി. ഓമല്ലൂരെ കബറിങ്കല്‍ ഞങ്ങടെ ബാവായാണെങ്കില്‍ അക്കബറാണെ കട്ടായം അന്ത്യോഖ്യയെ മറക്കില്ല, അമ്മയെ മറന്നാലും അന്ത്യോഖ്യയെ മറക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിയിരുന്നു. 1653ല്‍ നടന്ന കൂനന്‍ കുരിശുസത്യത്തിനു ശേഷം നടന്ന രണ്ടാം കൂനന്‍ കുരിശുസത്യമായാണ് ബുധനാഴ്ചത്തെ ഈ സമ്മേളനത്തെ പാത്രീയാര്‍ക്കീസ് വിഭാഗം വിശേഷിപ്പിക്കുന്നത്.

മലങ്കരസഭാതര്‍ക്കം മധ്യകേരളത്തെ വരുംദിവസങ്ങളില്‍ കലാപഭൂമിയാക്കുമെന്ന് സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മലങ്കരഅസോസിയേഷന്റെ കീഴിലുള്ള പള്ളികള്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ സുപ്രീംകോടതി പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ കതോലിക്കാവിഭാഗം ശ്രമം നടത്തും. എന്നാല്‍ ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണമെന്നാണ് വിശ്വാസികളോട് പാത്രീയാര്‍ക്കീസ് ബാവ മാര്‍ദിവാന്നിയോസ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ ഈ പ്രശ്നത്തില്‍ എന്തു നിലപാട് എടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X