കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം ഇന്ത്യയുടെ വികസനം

  • By Staff
Google Oneindia Malayalam News

ദില്ലി: സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയുടെ വികസനമെന്നതായിരിക്കും രാഷ്ട്രപതിയായാല്‍ തന്റെ ലക്ഷ്യമെന്ന് ഡോ എ.പി.ജെ. അബ്ദുള്‍ കലാം. ഇന്ത്യയുടെ വികസനത്തിന് പല ഉപകരണങ്ങളിലൊന്നായി താന്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ ജൂണ്‍ 19 ചൊവാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയായി നാമനിര്‍ദേശപത്രിക നല്കിയ ശേഷം അദ്ദഹം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ഇത്.

തന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനെത്തിയ കലാം ആദ്യമേ കാര്യം നിറഞ്ഞ ഒരു തമാശയോടെയാണ് തുടങ്ങിയത്. ഗൗരവമായ മുഖഭാവത്തോടെ മുന്നിലിരിക്കുന്ന വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു: ദയവായി ചിരിക്കൂ. ചിരിക്കാന്‍ നമ്മള്‍ക്ക് ഒരു ചെലവുമില്ല. ഇത്രയും സന്തോഷം നിറഞ്ഞ ഒരു ദിവസത്തില്‍ നമ്മള്‍ ഇത്രയും ഗൗരവത്തോടെ ഇരിക്കേണ്ട കാര്യമുണ്ടോ?- കലാം ഇത്രയും പറഞ്ഞപ്പോള്‍ അന്തരീക്ഷം ചിരികൊണ്ട് മുഖരിതമായി.

ഇന്ത്യയും പാകിസ്ഥാനും ആണവായുധ നിയന്ത്രണം പാലിച്ചതിനാലാണ് ഒരു വലിയ യുദ്ധം ഒഴിവായതെന്ന് ഒരു ചോദ്യത്തിനുത്തരമായി കലാം പറഞ്ഞു.

ശാസ്ത്രം, സാങ്കേതികവിദ്യ, വാണിജ്യം, വ്യവസായം, മാനേജ്മെന്റ് തുടങ്ങിയ നിര്‍ണ്ണായക രംഗങ്ങളില്‍ സ്വയംപര്യാപ്തത നേടി ഇന്ത്യയെ വികസിപ്പിക്കുക എന്നതിലായിരിക്കും തന്റെ പ്രധാന ശ്രദ്ധ. രാഷ്ട്രപതിയായാല്‍ അതിന്റെ അര്‍ത്ഥം ശാസ്ത്രത്തില്‍ നിന്നുള്ള സന്യാസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് ഭരണഘടനയുടെ 51ാം വകുപ്പ് ഉദ്ധരിച്ചുകൊണ്ട് കലാം പറഞ്ഞു.

സാങ്കേതികവിദ്യ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നതിനാല്‍ തന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ലോകത്തിന് നല്കുന്ന ശരിയായ സന്ദേശമാണെന്നും കലാം പറഞ്ഞു. മിസൈല്‍ വിദഗ്ധനായ കലാം രാഷ്ട്രപതിയാക്കുന്നത് ഇന്ത്യ ലോകത്തിന് നല്കുന്ന തെറ്റായ സന്ദേശമായിരിക്കുമെന്ന ഇടതുപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ലക്ഷ്മി സെഹഗലിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കലാം.

ശാസ്ത്രജ്ഞനെന്ന നിലയില്‍ താന്‍ മിസൈല്‍ രംഗത്ത് മാത്രമല്ല പ്രവര്‍ത്തിച്ചിട്ടുള്ളത്. ആണവസാങ്കേതികവിദ്യ വികസിപ്പിക്കാനും ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനും താന്‍ പ്രയത്നിച്ചിട്ടുണ്ട്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു അതിന് പിന്നിലെ ലക്ഷ്യം. ശാസ്ത്രജ്ഞനെന്ന നിലയിലുള്ള തന്റെ 20 വര്‍ഷത്തെ സേവനത്തിനിടയില്‍ 10 വര്‍ഷവും താന്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാനാണ് ശ്രമിച്ചത്. അല്ലാതെ ആയുധങ്ങള്‍ വികസിപ്പിക്കാനല്ല. അവസാന 10 വര്‍ഷം മാത്രമാണ് മിസൈല്‍ വികസനരംഗത്ത് പ്രവര്‍ത്തിച്ചത്- കലാം അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ ഉണ്ടായത് ദുഖകരമായ സംഭവങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ എന്ത് വില കൊടുത്തും തടയേണ്ടതാണ്. മതത്തെ ആത്മീയതയിലേക്കുയര്‍ത്താന്‍ കഴിയുമോ എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. മാനേജര്‍മാര്‍ നേതാക്കളായി ഉയരാനും രാഷ്ട്രീയനേതാക്കള്‍ മാനവികതയുള്ള രാഷ്ട്രീയനേതാക്കളായി ഉയരാനും പരിശ്രമിക്കണം. 100 ശതമാനം സാക്ഷരത നേടാന്‍ പ്രയത്നിക്കുന്ന ഒന്നായിരിക്കണം നമ്മുടെ വിദ്യാഭ്യാസസംവിധാനം. വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയാണ് ഇവിടത്തെ യുവാക്കളുടെ ധര്‍മ്മം.

ആത്യന്തികമായി താന്‍ നല്ലൊരു മനുഷ്യനാവാനാണ് ശ്രമിയ്ക്കുന്നത്. അതുകഴിഞ്ഞ് നല്ല ഒരു ഇന്ത്യാക്കാരനാവാനും. ഇവയ്ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ട് താന്‍ ശാസ്ത്രജ്ഞനാണോ അതോ ആണവ ശാസ്ത്രജ്ഞനാണോ എന്നത് പ്രശ്നമല്ല. സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയെ പുരോഗതിയിലെത്തിയ്ക്കുമെന്ന സന്ദേശമാണ് താന്‍ രാഷ്ട്രപതിയാവുന്നതില്‍ കൂടി ലോകത്തിന് നല്‍കുന്നത്. അല്ലാതെ ആണവ ശാസ്ത്രത്തിന്റെ ദുരുപയോഗമല്ല.- കലാം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X