കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയക്കേസ് അന്വേഷണം വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

കോട്ടയം : സിസ്റര്‍ അഭയയെ കൊന്ന് കിണറ്റിലിട്ടത് സൂര്യനെല്ലിയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണോ?

ആണെന്നു തോന്നും സിബിഐയുടെ പുതിയ പരാക്രമം കാണുമ്പോള്‍. സൂര്യനെല്ലിക്കേസില്‍ തടവു ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഒരു പ്രതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഈ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയാണ് സിബിഐ അന്വേഷണ സംഘം. അഭയക്കേസിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ ഈ പെണ്‍കുട്ടിയെ പോളിഗ്രാഫ് ടെസ്റിന് വിധേയമാക്കാനുളള തയ്യാറെടുപ്പിലാണ് സിബിഐ.

ലോകത്താദ്യമാണ് ഇങ്ങനെയൊരു സംഭവമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അഭയ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം സിബിഐ കണ്ടെത്തിയ ഒരു സാക്ഷിയെയാണ് പോളിഗ്രാഫ് ടെസ്റിന് വിധേയയാക്കുന്നത്. സാധാരണ പ്രതികളായി സംശയിക്കപ്പെടുന്നവരെയാണ് ഈ ടെസ്റിന് വിധേയമാക്കുന്നത്.

പാലയിലെ സാമൂഹ്യ സംഘടനയായ ഐക്യ വേദിയ്ക്ക് കിട്ടിയ ഒരു കത്തില്‍ നിന്നാണ് പുതിയ വഴിത്തിരിവിന്റെ തുടക്കം. ഒരു സ്ത്രീ എഴുതിയ കത്തില്‍ തനിക്ക് അഭയ വധക്കേസിന്റെ വിശദാംശങ്ങള്‍ അറിയാമെന്ന് അവകാശപ്പെട്ടിരുന്നു. കേസന്വേഷണത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഈ കത്ത് മുദ്രവച്ച കവറിലാക്കി ഐക്യവേദി ഹൈക്കോടതിയ്ക്ക് സമര്‍പ്പിച്ചു.

സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ എട്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38-ാം പ്രതി മേരിയാണ് കത്തെഴുതിയ സ്ത്രീ. ഇപ്പോള്‍ ഇവര്‍ ജാമ്യത്തിലാണ്. ഈ സ്ത്രീ എഴുതിയ കത്തിനെ അടിസ്ഥാനമാക്കിയാണ് സിബിഐ സംഘം പെണ്‍കുട്ടിയെ രണ്ടു ദിവസമായി ക്രൂരമായ മാനസിക പീഡനത്തിന് വിധേയയാക്കിയത്.

സിബിഐ എസ്പിയുടെ നേതൃത്വത്തിലുളള ഏഴംഗ അന്വേഷണ സംഘം ശനിയാഴ്ച രാവിലെ പുതുപ്പളളി ഗസ്റ് ഹൗസില്‍ വച്ച് പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. വനിതാ പൊലീസുകാരാരും ഈ സംഘത്തിലുണ്ടായിരുന്നില്ല. അഭയക്കേസ് അന്വേഷിയ്ക്കുന്ന സംഘത്തിന്റെ ചോദ്യങ്ങളേറെയും സൂര്യനെല്ലി പീഡനങ്ങളെക്കുറിച്ചായിരുന്നത്രേ.

അല്‍പ സമയത്തിനു ശേഷ് മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനൊപ്പം കൂടി. മറ്റാരുമല്ല, കത്തെഴുതിയ മേരി. വാദിയെ ചോദ്യം ചെയ്യാന്‍ ശിക്ഷിയ്ക്കപ്പെട്ട പ്രതിയ്ക്ക് സിബിഐ സാന്നിദ്ധ്യത്തില്‍ അവസരം. സര്‍വ മാനുഷിക മൂല്യങ്ങളെയും നിയമ വ്യവസ്ഥയെയും അപമാനിക്കുന്നതാണ് ഈ നടപടിയെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പരിണിത ഫലങ്ങളനുഭവിക്കാന്‍ ഒരുങ്ങിയിരുന്നോളാന്‍ പെണ്‍കുട്ടിയുടെ പിതാവിനെയും സിബിഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. സിബിഐയുടെ അനുമതിയില്ലാതെ കോട്ടയം വിട്ടു പോകരുതെന്ന് ഇവരെ വിലക്കിയിരിക്കുകയാണ്.

പലവട്ടം സിബിഐ അന്വേഷിച്ച് മടക്കിയതാണ് അഭയക്കേസ് ഫയല്‍. അഭയയെ കൊന്നതാണെന്നും എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിയില്ലെന്നുമായിരുന്നു അവരുടെ നിലപാട്. ഹൈക്കോടതിയുടെ നിശിത വിമര്‍ശനമേറ്റുവാങ്ങിയാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടവും പുരോഗമിച്ചത്.

അഭയയുടെ കൊലപാതകികളെന്ന് സംശയിക്കപ്പെടുന്ന ഒരാളെപ്പോലും നേരെ ചൊവെ ചോദ്യം ചെയ്യാനോ അവരെയാരെയും പോളിഗ്രാഫ് ടെസ്റിന് വിധേയമാക്കാനോ മുതിരാത്ത സിബിഐ, കൊലപാതകം നടക്കുമ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയും പോളിഗ്രാഫ് ടെസ്റിന് വിധേയയാക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത് വിരോധാഭാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിബിഐയുടെ ചോദ്യം ചെയ്യല്‍ പീഡനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. വനിതാ വിമോചന സംഘടനകളും സിബിഐയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X