കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം സഞ്ചാരികളില്‍ നിന്നകലുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ആസൂത്രണമില്ലായ്മയുടെ ഫലമായി വര്‍ഷം തോറും കോവളത്ത് വിനോദസഞ്ചാരികള്‍ കുറഞ്ഞു വരുന്നതായി പഠന റിപ്പോര്‍ട്ട്.

അനധികൃതമായി ഭൂമി പതിച്ചു നല്‍കുന്നതും ലക്ഷ്യബോധമില്ലാത്ത വികസന നയവുമാണ് ഉന്നത നിലവാരമുളള വിനോദ സഞ്ചാര കേന്ദ്രമെന്ന കോവളത്തിന്റെ പദവിയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്. ആര്‍. അജയകുമാര്‍ വര്‍മ്മ, കെ. മുരളീധരന്‍ മേനോന്‍, കെ. ദേവരാജന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ടൂറിസം മന്ത്രി കെ. വി. തോമസിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

കോവളത്തിന്റെ ഭൂപ്രകൃതിയ്ക്ക് വിരുദ്ധമായി അനധികൃത നിര്‍മ്മാണം നടക്കുന്നത് വിനോദ സഞ്ചാര വികസനത്തെ ദോഷകരമായി ബാധിക്കുന്നു. ശുദ്ധജലത്തിന്റെ അഭാവം, വൈദ്യുതി വിതരണത്തിലെ അപാകത, അഴുക്കു ജലം ഒഴുക്കിക്കളയാനുളള സംവിധാനമില്ലായ്മ, അലക്ഷ്യവും അപകടകരവുമായ മാലിന്യ നിക്ഷേപം, പാര്‍ക്കിംഗ് അസൗകര്യം, തെരുവു നായ്ക്കളുടെ ശല്യം, ഭിക്ഷക്കാരുടെ ശല്യം, അനധികൃത കച്ചവടക്കാരുടെ സാന്നിദ്ധ്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ ഷോപ്പിംഗ് കേന്ദ്രങ്ങളുടെ അഭാവം, വിനോദ സൗകര്യങ്ങളില്ലായ്മ എന്നിവയൊക്കെ കോവളത്ത് സഞ്ചാരികളെത്താത്തിന്റെ കാരണങ്ങളാണെന്ന് പഠനം കണ്ടെത്തുന്നു.

കോവളത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു. സാംസ്കാരിക കേന്ദ്രങ്ങള്‍, വിനോദ ശാലകള്‍ എന്നിവ സ്ഥാപിക്കുക, പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിക്കുക, കടല്‍ത്തീരം മനോഹരമായി സൂക്ഷിക്കുക എന്നിങ്ങനെയുളള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇതു കൂടാതെ ടൂറിസം ലാക്കാക്കി ഉള്‍പ്രദേശങ്ങള്‍ വികസിപ്പിക്കാനും അക്വേറിയങ്ങള്‍, മറൈന്‍ പാര്‍ക്കുകള്‍, കടല്‍ വിനോദത്തിനുളള സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. ഇന്ത്യയുടെ വിനോദ സഞ്ചാര പാരമ്പര്യം വെളിപ്പെടുത്തുന്ന ഒരു സമുച്ചയം കോവളത്ത് ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

വികസന പദ്ധതികള്‍ ദീര്‍ഘ വീക്ഷണത്തോടെ രൂപപ്പെടുത്താന്‍ കോവളം വികസന അതോറിറ്റി സ്ഥാപിക്കണമെന്നും വിദഗ്ദ്ധ സംഘം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X