കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയ്ക്ക് തലവേദനയായി മദനി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ് സംബന്ധിച്ച പ്രശ്നത്തില്‍ നിന്ന് തലയൂരിവന്ന സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി കീറാമുട്ടിയായിരിക്കുന്നു. മദനിയെ വിചാരണയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ സമ്മര്‍ദ്ദമേറിയതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ആന്റണി.

കേരളത്തില്‍ മദനിയ്ക്കെതിരെ 24 കേസുകള്‍ ഉണ്ട്. എന്നാല്‍ ഈ കേസുകള്‍ ഓരോന്നും പ്രത്യേക അപേക്ഷകള്‍ നല്കി നീട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍. വിചാരണയ്ക്ക് മദനിയെ കേരളത്തില്‍ കൊണ്ടുവന്നാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് ആന്റണി സര്‍ക്കാര്‍ ഭയപ്പെടുന്നു. ഈ കാരണം പറഞ്ഞാണ് മദനിയ്ക്കെതിരെ കേരളത്തിലുള്ള കേസുകള്‍ സര്‍ക്കാര്‍ നീട്ടിവയ്ക്കുന്നത്.

ഇടതുമുന്നണിയുടെ ഭരണകാലത്ത് നാല് തവണ സര്‍ക്കാര്‍ മദനി കേസ് നീട്ടിവച്ചു. ആന്റണി അധികാരത്തില്‍ വന്നശേഷം ആദ്യമായി സപ്തംബര്‍ 13 വെള്ളിയാഴ്ചയാണ് മദനി കേസ് കോടതിയില്‍ പരിഗണനയ്ക്ക് വന്നത്. എന്നാല്‍ ക്രമസമാധാനപ്രശ്നം പറഞ്ഞ് കേസ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ആന്റണി സര്‍ക്കാരിന്റെ ഈനീക്കമാണ് ഇപ്പോള്‍ പിഡിപിയെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായാണ് പിഡിപി പ്രവര്‍ത്തിച്ചത്. മദനിയുടെ കാര്യത്തില്‍ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിഡിപി തിരഞ്ഞെടുപ്പില്‍ ആന്റണിയുടെ നേതൃത്വത്തിലൂള്ള യുഡിഎഫിനെ പിന്തുണച്ചത്. പക്ഷെ ആന്റണി അധികാരത്തില്‍ വന്നശേഷം ആദ്യമായി മദനി കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ കേസ് നീട്ടിവയ്ക്കാനാണ് ആന്റണി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കേസിനായി മദനിയെ കേരളത്തില്‍ കൊണ്ടുവന്നാല്‍ പിന്നെ ശാരീരികപ്രശ്നങ്ങളുടെയോ മറ്റ് എന്തെങ്കിലും പ്രശ്നങ്ങളുടെയും കാരണം പറഞ്ഞ് കേരളത്തില്‍ നിന്ന് മടങ്ങിപ്പോകാന്‍ മദനി മടിച്ചേക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. അതിനാലാണ് തല്ക്കാലം കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മദനിയെ കേരളത്തിലേക്ക് കൊണ്ടുവരേണ്ടെന്ന് ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചത്.

മദനിയ്ക്കെതിരെ കേരളത്തിലെ 24 കേസുകളും ഉണ്ടായത് 1992 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തിലാണ്. 1992 ഡിസംബര്‍ 13ന് ശാസ്താംകോട്ടയിലെ പിഡിപി ആസ്ഥാനത്തുനിന്നും വെടിമരുന്ന് പിടിച്ച കേസായിരുന്നു ആദ്യത്തേത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ പിഡിപിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലുണ്ടായ രഹസ്യനീക്കങ്ങള്‍ അറിഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പിന്നീട് മതമൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കാരണം പറഞ്ഞാണ് മറ്റ് കേസുകള്‍ ഉണ്ടായത്.

മദനി ഇക്കാലയളവില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ മതവൈരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളും കേസെടുക്കാന്‍ കാരണമായി. പിന്നീട് 1998ലാണ് ദേശീയ സുരക്ഷാനിയമപ്രകാരം കോയമ്പത്തൂര്‍ ബോംബ് സ്ഫോടനപരമ്പരക്കേസില്‍ മദനി അറസ്റിലായത്. അതിന് ശേഷം കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ് മദനി. തമിഴ്നാട്ടില്‍ മദനിയ്ക്കെതിരെ ഏഴ് കേസുകളുണ്ട്. ഈ കേസുകളില്‍ ഇപ്പോള്‍ വിചാരണ നടന്നുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X