കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യപുരോഗതി ലക്ഷ്യമാക്കണം: കലാം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രവര്‍ത്തിക്കാനുതകുന്ന സ്വപ്നവും കാഴ്ചപ്പാടൂം സൂക്ഷിക്കാന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. നവമ്പര്‍ 17 ഞായറാഴ്ച കോഴിക്കോട് ഫാറൂഖ് കോളെജിലെ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല ജീവിതം നയിക്കാന്‍ അടിത്തറയൊരുക്കുമെന്നതിനാല്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസം മനുഷ്യന്റെ വികാസത്തില്‍ നിര്‍ണ്ണായകപങ്കുവഹിക്കും. പ്രൈമറി, സെക്കന്ററി, കോളെജ് തലങ്ങളില്‍ ലഭിക്കുന്ന ശരിയായ വിദ്യാഭ്യാസം വിജയകരമായ ജീവിതം നയിക്കാന്‍ വ്യക്തിയെ സഹായിക്കും. - അദ്ദേഹം പറഞ്ഞു.

മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാനുള്ള സ്വപ്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരിക്കണം. അക്ഷീണപരിശ്രമത്തോടൊപ്പം സ്വപ്നവും കാഴ്ചപ്പാടും കഠിനാധ്വാനവും കൈകോര്‍ക്കുമ്പോഴാണ് ജീവിതത്തില്‍ മഹത്തായ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കഴിയുക. - അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പുരോഗതി ജനങ്ങള്‍ എങ്ങിനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. യുവമനസ്സുകള്‍ ചിന്താശതങ്ങളാല്‍ പൂവണിയട്ടെ. മനുഷ്യമനസ്സ് എന്നത് അപൂര്‍വ സമ്മാനമാണ്. ശരിയായ ചിന്തയും കാഴ്ചപ്പാടും ലക്ഷ്യവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. നേര്‍വഴിക്കുള്ള ചിന്തകള്‍ മാത്രമേ പുരോഗതിയിലേക്ക് നയിക്കൂ. ദില്ലിയില്‍ നിന്ന് താന്‍ ഇത്ര ദൂരം വന്നത് യുവതലമുറയോട് സംവദിക്കാനാണ്. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നിര്‍ണ്ണായകപങ്ക് വഹിക്കാനുണ്ട്. - അദ്ദേഹം ചൂണ്ടിക്കാട്ടി.

70,000 ഗ്രന്ഥങ്ങളും ആയിരത്തോളം ജേണലുകളും ഉള്ള ഫാറൂഖ് കോളെജ് ലൈബ്രറിയെ രാഷ്ട്രപതി അഭിനന്ദിച്ചു. ലൈബ്രറിക്കെട്ടിടത്തിലെ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ വായനാശീലം വളര്‍ത്തിയെടുക്കാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.

1962 മുതല്‍ 1982 വരെ താന്‍ കേരളത്തില്‍ ചെലവിട്ട 20 വര്‍ഷക്കാലവും രാഷ്ട്രപതി അനുസ്മരിച്ചു. ഇക്കാലയളവില്‍ ശാസ്ത്രരംഗത്ത് താന്‍ ജയപരാജയങ്ങള്‍ നുണഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

രാവിലെ 11.46നാണ് രാഷ്ട്രപതി ഫാറൂഖ് കോളെജിലെത്തിയത്. കൊച്ചിയില്‍ നിന്നെത്തിയ രാഷ്ട്രപതിയോടൊപ്പം മുഖ്യമന്ത്രി ആന്റണിയും ഉണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എംപി, ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി, കലിക്കറ്റ് സര്‍വകലാശാല വിസി ഡോ. സയ്യിദ് ഇഖ്ബാല്‍ ഹസ്സെയ്ന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X