എസ്എന്‍ഡിപി രാഷ്ട്രീയമാറ്റത്തിന് നാന്ദിയാവണം
കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയമാറ്റത്തിനും സാമ്പത്തിക പുരോഗതിയ്ക്കും എസ്എന്‍ഡിപി മാതൃകയാവണമെന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി മുരളീമനോഹര്‍ ജോഷി. മെയ് 10 ശനിയാഴ്ച ശ്രീനാരായണ അന്താരാഷ്ട്ര സമ്മേളനവും ഗ്ലോബല്‍മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗസമരം, ബന്ദ്, അക്രമം തുടങ്ങിയവയില്‍ അധിഷ്ഠിതമായ പഴഞ്ചന്‍ രാഷ്ട്രീയ വിശ്വാസങ്ങള്‍ ഉപേക്ഷിക്കാന്‍ നേരമായി. ഇക്കാര്യത്തില്‍ എസ്എന്‍ഡിപിയ്ക്ക് ഏറെ ചെയ്യാനുണ്ട്. -അദ്ദേഹം പറഞ്ഞു.
ഒരു സമ്പന്ന സംസ്ഥാനമായിത്തീരാന്‍ എല്ലാ സാധ്യതയും കേരളത്തിനുണ്ട്. പക്ഷെ സാമ്പത്തിക മുരടിപ്പിന്റെ ചരിത്രമാണ് അതിനുള്ളത്. മാത്രമല്ല കേരളത്തെ രോഗശയ്യയിലാക്കുന്ന രാഷ്ട്രീയമാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിനുള്ളത്. - അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റുകാര്‍ തൊഴിലാളികളെ സംഘടിപ്പിക്കുക മാത്രമല്ല. ഉല്പാദനത്തിന്റെ മുഴുവന്‍ ഘട്ടങ്ങളെയും യൂണിയന്‍വല്ക്കരിച്ചു. കേരളത്തിന്റെ സാമ്പത്തികപുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്തു. വര്‍ഗ്ഗസമരത്തിന്റെ പേരില്‍ ഉല്പാദനക്ഷമമായ കൃഷിഭൂമി വെറുതെ കിടക്കുന്നു. ട്രേഡ് യൂണിയനിസത്തിന്റെ പേരില്‍ ഫാക്ടറികള്‍ പൂട്ടിക്കിടക്കുന്നു. ഇതുമൂലം കേരളം മൂലധനമില്ലാത്ത, ഊര്‍ജ്ജമില്ലാത്ത, വിശ്വസിക്കാവുന്ന തൊഴിലാളികളില്ലാത്ത സംസ്ഥാനമായി. നിക്ഷേപകര്‍ ഇവിടെ മുതല്‍ മുടക്കാന്‍ ഭയപ്പെട്ടു. ഇനിയെങ്കിലും ഇതെല്ലാം മാറ്റിവച്ച്, എല്ലാതരം നിക്ഷേപങ്ങളും ആകര്‍ഷിക്കാന്‍ സംസ്ഥാനം ശ്രമിയ്ക്കണം. മുരളീ മനോഹര്‍ ജോഷി പറഞ്ഞു.
ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ വക്താവായിരുന്നു. ശ്രീനാരയണന്റെയും ആദിശങ്കരന്റെയും നാട്ടില്‍ മാറാട് കലാപം പോലുള്ള സംഭവങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ശ്രീനാരായണ സര്‍വകലാശാല സ്ഥാപിക്കാനുള്ള ഒരു പ്രമേയം യോഗത്തില്‍ പാസാക്കി. ഈ സര്‍വകലാശാലയ്ക്ക് വേണ്ടി കഴിയുന്നത്ര കേന്ദ്രസഹായം ലഭ്യമാക്കാന്‍ ശ്രമിയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 1500 പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 500 പേര്‍ വിദേശമലയാളികളാണ്. ഈ സമ്മേളനം യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സിലും എസ്എന്‍ഡിപിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് ഒരു ഗ്ലോബല്‍മീറ്റും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷപമിറക്കാവുന്ന പദ്ധതികളെക്കുറിച്ച് ഈ മീറ്റില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications