കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും യുഎസും അടുക്കുന്നു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും കഴിഞ്ഞ അരനൂറ്റാണ്ടുകാലം പുലര്‍ത്തിയിരുന്ന അവസരവാദം നിറഞ്ഞ ബന്ധമായിരിക്കില്ല ഭാവിയില്‍ എന്ന് ഉറപ്പായിക്കഴിഞ്ഞു. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ഔദ്യോഗികപ്രഖ്യാപനങ്ങള്‍ക്ക് വകയില്ലെങ്കിലും യുഎസുമായി ഇന്ത്യ വളരെയധികം അടുത്തുകഴിഞ്ഞതിന്റെ സൂചനകളുണ്ട്.

ഭാവിയില്‍ ഏഷ്യയില്‍ യുഎസിന്റെ ഏറ്റവും പ്രധാന വിശ്വസ്തശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നതിന്റെ സൂചനകളുണ്ട്. ഏഷ്യന്‍ മേഖലയില്‍ യുഎസ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രമായും ഇന്ത്യ മാറിയേക്കാം. പാകിസ്ഥാനുമായി തീവ്രവാദത്തിന്റെ പേരില്‍ അകന്നുതുടങ്ങിയ യുഎസ് ഇനി ഭാവിയില്‍ കൂടുതല്‍ അകന്നേയ്ക്കും.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രാദേശികമായും ആഗോളതലത്തിലും യുഎസുമായി ഒന്നിച്ചുപോകാന്‍ ഇന്ത്യ തയ്യാറാണെന്ന് അദ്വാനി യുഎസിനെ അറിയിച്ചുകഴിഞ്ഞു. മാത്രമല്ല, യുഎസ് താല്പര്യങ്ങളെ ഇന്ത്യ ഒരിയ്ക്കലും ചോദ്യം ചെയ്യുകയുമില്ല. അഭിപ്രായഭിന്നതകള്‍ പ്രകടിപ്പിക്കാമെങ്കിലും ഇരുരാജ്യങ്ങളും അന്യോന്യം താല്പര്യങ്ങളെ ഹനിക്കുന്ന വിധത്തില്‍ പെരുമാറുന്ന പ്രശ്നമില്ല എന്നാണ് അദ്വാനി നല്കുന്ന സൂചനകള്‍.

ഇന്ത്യ-യുഎസ് ബന്ധം മാറ്റിമറിയ്ക്കാന്‍ ബുഷും ഇക്കുറി വളരെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തൊക്കെ എതിര്‍പ്പുകളുണ്ടായാലും യുഎസുമായി വിശ്വാസത്തിന്റെതായ ഒരു പങ്കാളിത്തം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്വാനി സൂചിപ്പിച്ചു.

അതിര്‍ത്തികടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദം അവസാനിപ്പിക്കാന്‍ യുഎസും പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കും. ഇറാഖില്‍ സേനയെ വിന്യസിക്കുന്നതു സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും ചര്‍ച്ച നടത്തിയെന്ന കാര്യം അദ്വാനി സമ്മതിച്ചു. പക്ഷെ സേനയെ വിന്യസിക്കാന്‍ യുഎസ് നിര്‍ബന്ധമൊന്നും ചെലുത്തിയിരുന്നില്ലെന്നും അദ്വാനി പറഞ്ഞു. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി ഇന്ത്യ ഉചിതമായ തീരുമാനമെടുക്കും. - അദ്വാനി പറഞ്ഞു.

ഇന്ത്യയുടെ മനുഷ്യശക്തിയും വ്യവസായസംരംഭകത്വവും സാങ്കേതികപരിജ്ഞാനവും യുഎസിന്റെ ഉല്പാദനക്ഷമത കൂട്ടാന്‍ സഹായിച്ചതിനെപ്പറ്റി ബുഷ് ഇന്ത്യയെ അഭിനന്ദിച്ചുവെന്നും അദ്വാനി പറഞ്ഞു. ഭാവിയില്‍ ഉന്നത സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ മുന്‍നിരയിലുണ്ടാകുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. ഇതും യുഎസുമായി അടുക്കാന്‍ ഇന്ത്യയ്ക്ക് അനുകൂല ഘടകമായിരിക്കും.

ഇനി അദ്വാനി യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഡിക് ചെനി അദ്വാനിയ്ക്ക് പ്രത്യേക ക്ഷണക്കത്ത് നല്കിയിട്ടുണ്ട്. ഇതില്‍ വെറും സൗഹാര്‍ദ്ദം എന്നതിനപ്പുറത്ത് തന്ത്രപ്രധാനമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്തേക്കുമെന്നുമറിയുന്നു. എന്തായാലും ഒരു കാര്യം ഉറപ്പായി. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഇനിയൊരിയ്ക്കലും കഴിഞ്ഞ 50 വര്‍ഷത്തേതുപോലെയായിരിക്കില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X