ആന്റണിയെ ശ്രദ്ധിയ്ക്കൂ, ശ്രീധരമേനോന്‍
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ആന്റണിയ്ക്കെതിരെ എല്ലാവരും വിമര്‍ശനം കോരിച്ചൊരിയുമ്പോള്‍ ചരിത്രകാരന്‍ എ. ശ്രീധരമേനോന്‍ പറയുന്നത് ഇത്രമാത്രം: ദയവായി ആന്റണിയുടെ വാക്കുകള്‍ ശ്രദ്ധിയ്ക്കൂ.
വിശാല പൊതുജനതാല്പര്യത്തിന്റെ പേരിലായിരിക്കാം ആന്റണി ഇത്തരമൊരു നിലപാട് എടുത്തതെന്നും ശ്രീധരമേനോന്‍ ചൂണ്ടിക്കാട്ടുന്നു. സംഘടിത ന്യൂനപക്ഷങ്ങള്‍ അവരുടെ ശക്തി ഉപയോഗിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന സത്യം തന്റേടത്തോടെ പറയുകയാണ് ആന്റണി ചെയ്തത്. - ശ്രീധരമേനോന്‍ പറയുന്നു. ഈ പ്രസ്താവന വഴി ആന്റണി സ്വതന്ത്രചിന്താഗതി പുലര്‍ത്തുന്നവരുടെ ഹൃദയത്തില്‍ ഇടം നേടിയെന്നും ശ്രീധരമേനോന്‍ തന്റെ പ്രസ്താവനയില്‍ വിശദീകരിയ്ക്കുന്നു.
മുസ്ലിം ലീഗ് അവര്‍ക്ക് അര്‍ഹതപ്പെട്ടത് മാത്രമേ നേടിയിട്ടുള്ളൂ എന്ന മുരളീധരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിതാല്പര്യം സംരക്ഷിയ്ക്കാന്‍ വേണ്ടിയുള്ളതാണ്. കോഴിക്കോടിനെ പ്രതിനിധീകരിയ്ക്കുന്ന എംപി എന്ന നിലയില്‍ മുസ്ലിങ്ങളുടെ താല്പര്യത്തിനനുകൂലമായി അദ്ദേഹത്തിന് നിലകൊണ്ടേ മതിയാവൂ.- ശ്രീധരമേനോന്‍ പറഞ്ഞു.
മുസ്ലിംലീഗും അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിയും കുറച്ചുകാലമായി സര്‍ക്കാരില്‍ നിന്നും പലതും നേടിയെടുക്കാന്‍ അവിഹിതമായ ഇടപെടല്‍ നടത്തിവരികയാണ്. ഇതിന് ഉദാഹരണമാണ് ആറ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിയ്ക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമം. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുള്‍ ഹക്കീമിനെ ആക്രമിച്ച കേസില്‍ പൊലീസ് ആറ് എന്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ് ചെയ്തിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും കോഴിക്കോട് എംഎല്‍എ എന്‍.എ. ഖാദറിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരെ കേസില്‍ നിന്നൊഴിവാക്കിയതായി ആന്റണി 2002 ജനവരിയില്‍ നടത്തിയ പ്രസ്താവന കുഞ്ഞാലിക്കുട്ടിയും ലീഗും ഭരണത്തില്‍ നടത്തുന്ന ഇടപെടലിന് ഉദാഹരണമാണ്. - ശ്രീധരമേനോന്‍ പറഞ്ഞു.
മാറാട് മുസ്ലിങ്ങളെ പുനരധിവസിപ്പിയ്ക്കുന്നതില്‍ ലീഗ് പുലര്‍ത്തുന്ന പിടിവാശി നന്നല്ല. കാരണം മാറാട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ മുസ്ലിങ്ങളെ തിരക്കിട്ട് പുനരധിവസിപ്പിയ്ക്കുന്നത് വീണ്ടും വര്‍ഗ്ഗീയകലാപം ഉണ്ടാക്കുന്നതിനേ ഉതകൂ. - ശ്രീധരമേനോന്‍ പറയുന്നു.












Click it and Unblock the Notifications