പ്രശ്നം തീര്‍ക്കാന്‍ വീണ്ടും മുസ്ലിം ലീഗ്
കോഴിക്കോട്: ഐക്യമുന്നണിയിലെ പ്രശ്നം പരിഹരിക്കാന്‍ മുസ്ലിം ലീഗ് വീണ്ടും ശ്രമം തുടങ്ങി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിനായി ഘടകകക്ഷികളില്‍ അഭിപ്രായസമന്വയമുണ്ടാക്കാനാണ് മുസ്ലിം ലീഗ് ശ്രമം നടത്തുന്നത്. ഇത് ഏതാണ്ട് വിജയിച്ചതായാണ് കരുതുന്നത്.
മുസ്ലിംലീഗ് നേതാക്കള്‍ മുന്‍കയ്യെടുത്ത് മുന്നണിയിലെ ഇതരകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഘടകകക്ഷിനേതാക്കളെ വിളിച്ചുവരുത്തി അഭിപ്രായം ആരായണമെന്ന് ലീഗ് നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രതിസന്ധി എത്രയുംപെട്ടെന്ന് തരണംചെയ്യണമെന്ന് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എം.പി. നേരിട്ട് കോണ്‍ഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാരം വൈകുന്നത് മുന്നണിക്കും സംസ്ഥാനത്തെ ഭരണത്തിനും ദോഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെ കുഞ്ഞാലിക്കുട്ടി ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രശ്നപരിഹാരം നീണ്ടുപോകുന്നതില്‍ ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്.