ബനാത്ത്വാല മത്സരിച്ചേക്കില്ല
മലപ്പുറം: യുഡിഎഫിന്റെ സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ ലോക്സഭാ മണ്ഡലമായ പൊന്നാനിയില്‍ ഇക്കുറി മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി. എം. ബനാത്ത്വാല മത്സരിച്ചേക്കില്ല.
പൊന്നാനിയില്‍ ഇ. അഹമ്മദിനെ മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗിലെ നീക്കമെന്നറിയുന്നു. മഞ്ചേരിയിലെ സിറ്റിംഗ് എംപിയും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ ഇ. അഹമ്മദ് പൊന്നാനിയില്‍ മത്സരിക്കണമെന്ന് പൊന്നാനിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്. മണ്ഡലത്തിലെ പ്രാദേശിക ലീഗ് നേതാക്കള്‍ ഈ ആവശ്യം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അറിയിച്ചിട്ടുണ്ട്.
പൊന്നാനിയില്‍ അഹമ്മദാണ് സ്ഥാനാര്‍ഥിയാവുന്നതെങ്കില്‍ ബനാത്ത്വാല ഇക്കുറി കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനിടയില്ല. കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് സാധ്യത. അഹമ്മദ് പൊന്നാനിയില്‍ മത്സരിക്കുകയാണെങ്കില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി. എ. മജീദിനെയാണ് മഞ്ചേരിയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.
1977 മുതല്‍ ബനാത്ത്വാല വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുപോന്ന മണ്ഡലമാണ് പൊന്നാനി. 1991ല്‍ മാത്രം പൊന്നാനിയില്‍ നിന്ന് സീറ്റ് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠ് മത്സരിച്ച് ജയിച്ചു. യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കാറുള്ള മണ്ഡലമാണ് പൊന്നാനി.
മിക്ക തിരഞ്ഞെടുപ്പുകളിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത്. 1980ല്‍ കോണ്‍സ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് (യു)വിനെ പ്രതിനിധീകരിച്ച് ആര്യാടന്‍ മുഹമ്മദ് എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴാണ് ബനാത്ത്വാലയുടെ ഭൂരിപക്ഷം ഏറ്റവും കുറഞ്ഞത്. അപ്പോഴും അദ്ദേഹത്തിന് 50,866 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബനാത്ത്വാല മണ്ഡലത്തില്‍ വരുന്നത് വല്ലപ്പോഴുമാണെന്നതാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിനുള്ള ഒരു കാരണം.












Click it and Unblock the Notifications