കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെസ്റ് ബേക്കറിക്കേസ് പുനര്‍വിചാരണ മഹാരാഷ്ട്രയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് കലാപത്തിനിടയില്‍ നടന്ന ബെസ്റ് ബേക്കറി കൂട്ടക്കൊലയിലെ 21 പ്രതികളെ വിട്ടയച്ച ഗുജറാത്ത് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

സംഭവം വീണ്ടും അന്വേഷിച്ച് കേസ് മഹാരാഷ്ട്ര കോടതിയില്‍ പുനര്‍വിചാരണ ചെയ്യാന്‍കോടതി ഉത്തരവിട്ടു. കേസ് നടത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി പകരം മറ്റൊരാളെ നിയമിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുനരന്വേഷണത്തിനും വിചാരണക്കും വേണ്ട മേല്‍നടപടികള്‍ പുതിയ പ്രോസിക്യൂട്ടര്‍ സ്വീകരിക്കണം. ജസ്റിസുമാരായ ദൊരൈസ്വാമി രാജുവും അരിജിത് പസായത്തും ആണ് വിധി പറഞ്ഞത്. നിരപരാധികളായ കുഞ്ഞുങ്ങളും നിസ്സഹായരായ സ്ത്രീകളും ചുട്ടെരിക്കപ്പെടുമ്പോള്‍ ആധുനികകാലത്തെ നീറോമാര്‍ മുഖംതിരിച്ചു നില്‍ക്കുകയായിരുന്നുവെന്ന്, മോഡി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനം നടത്തിക്കൊണ്ട് കോടതി പറഞ്ഞു.

മുഖ്യസാക്ഷിയായ സാഹിറാ ഷേഖ് രംഗത്തെത്തിയതോടെയാണ് കേസ്സിന് പുതിയ വഴിത്തിരിവുണ്ടായത്. കേസ് ഗുജറാത്തിന് പുറത്ത് വീണ്ടും വിചാരണ ചെയ്യുകയാണെങ്കില്‍ സത്യം തുറന്ന് പറയാന്‍ തയ്യാറാണെന്ന് സാഹിറ പറഞ്ഞിരുന്നു. തന്നെ ഭീഷണിപ്പെടുത്തി കൂറുമാറ്റിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസ് വീണ്ടും വിചാരണ ചെയ്യണമെന്നും ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്നും അഭ്യര്‍ത്ഥിച്ച് സാഹിറ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഗുജറാത്ത് കലാപത്തിനിടയില്‍ വഡോദരയിലെ ബെസ്റ് ബേക്കറിയില്‍ അഭയം തേടിയ 14 പേരെ ചുട്ടുകൊന്നതുമായി ബന്ധപ്പെട്ടതാണ് ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസ്. വിചാരണക്കിടയില്‍കേസ്സിലെ 37 സാക്ഷികളും കൂറുമാറിയിരുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷനും ഒട്ടേറെ സന്നദ്ധ സംഘടനകളും സാഹിറയ്ക്ക് പിന്തുണയുമായി രംഗത്തിറങ്ങി. സാഹിറയുടെ ഒമ്പത് ബന്ധുക്കള്‍ ബെസ്റ് ബേക്കറി സംഭവത്തില്‍വെന്തുമരിച്ചിരുന്നു.

ബെസ്റ് ബേക്കറി കേസ്, സംഭവങ്ങളും ദിവസവും
* 2002 മാര്‍ച്ച് ഒന്ന്: ഗുജറാത്ത് കാലപത്തിനിടയില്‍ വഡോദരയിലെ ബെസ്റ് ബേക്കറിക്ക് അക്രമികള്‍ തീവെച്ചു. 14 പേരെ ജീവനോടെ ചുട്ടുകൊന്നു. ആറുപേര്‍ക്ക് പരിക്കേറ്റു.
* മാര്‍ച്ച് 10: കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 21 പ്രതികള്‍ അറസ്റിലായി.
* മെയ് 9: അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങി. ജസ്റിസ് എച്ച്.യു.മഹീദ ജഡ്ജി.
* മെയ് 17: മുഖ്യ സാക്ഷി സാഹിറാഷേഖും അമ്മ ഷഹറുന്നീസയും കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞു.
* ജൂണ്‍ ആറ്: തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 21 പ്രതികളെയും കോടതി വെറുതെ വിട്ടു.
* ജൂലായ് ഏഴ്: മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സാഹിറാഷേഖ്, കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എ യായ മധുശ്രീ വാസ്തവയുടെ ഭീഷണിമൂലം താന്‍ കൂറുമാറാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും സാഹിറ വെളിപ്പെടുത്തി.
* ജൂലായ് 31: കേസില്‍ ഗുജറാത്തിനു പുറത്ത് പുനര്‍ വിചാരണ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍
* ഒക്ടോബര്‍ 12: കുറ്റക്കാരെ കണ്ടെത്താന്‍ ആയില്ലെങ്കില്‍ രാജിവെക്കണമെന്ന് ഗുജറാത്തിലെ മോഡി സര്‍ക്കാറിനോട് സുപ്രീംകോടതി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കണ്ണില്‍പ്പൊടിയിടല്‍ മാത്രമെന്ന് വിമര്‍ശനം.
* ഒക്ടോബര്‍ 27: സഹീറയുടെ ആരോപണങ്ങളെക്കുറിച്ച് ഗുജറാത്ത് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.
* നവംബര്‍ 29: ഗുജറാത്ത് സര്‍ക്കാര്‍ ഭേദഗതിചെയ്ത അപ്പീല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നു. വിചാരണ നടന്നത് യുക്തമായ രീതിയില്‍ അല്ലെന്ന് കുറ്റസമ്മതം. പുനര്‍വിചാരണ വേണമെന്ന് ആവശ്യം.
* നവംബര്‍ ഏഴ്: 21 പ്രതികള്‍ക്കെതിരെ ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
* ഡിസംബര്‍ 26: കേസില്‍ പുനര്‍ വിചാരണ വേണമെന്ന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയും ചെയ്തു.
* ജനവരി 30: ഹൈക്കോടതിവിധിക്കെതിരെ സഹീറാ ഷേഖ് സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും സുപ്രീംകോടതിയില്‍.
* ഏപ്രില്‍ 12: കേസില്‍ പുനരന്വേഷണവും മഹാരാഷ്ട്രയില്‍ പുനര്‍വിചാരണയും നടത്താന്‍ സുപ്രീംകോടതി ഉത്തരവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X