കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാര്‍ക്കും വര്‍ക്കിയ്ക്കും രണ്ട് നീതി

  • By Staff
Google Oneindia Malayalam News

കോട്ടയം: മരണാനന്തരം മുന്‍മുഖ്യമന്ത്രി നായനാര്‍ക്കും എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയ്ക്കും രണ്ട് നീതി നടപ്പാക്കിയ സിപിഎമ്മം നിലപാടിനെതിരെ പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വിമര്‍ശനം ഉയരുന്നു.

നായനാരുടെ ചിതാഭസ്മം ഹിന്ദുമതാചാരപ്രകാരം കടലിലൊഴുക്കാന്‍ ഭാര്യ ശാരദടീച്ചര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ സിപിഎം ഒരക്ഷരം ഉരിയാടിയില്ല. നായനാര്‍ നാസ്തികനായിരുന്നു. സിപിഎം വിശ്വാസപ്രമാണങ്ങള്‍ക്ക് ചേരും വിധം ജീവിച്ചയാളുമാണ്. എന്നിട്ടും നായനാരുടെ ചിതാഭസ്മം കടലിലൊഴുക്കുന്നതിനെ സിപിഎം നേതാക്കള്‍ തടഞ്ഞില്ല. കുടുംബത്തിലെ അടുത്ത അംഗങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാം എന്ന പൊതുനിലപാടായിരുന്നു പാര്‍ട്ടി കൈക്കൊണ്ടത്.

പക്ഷെ എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയുടെ കാര്യത്തില്‍ സിപിഎം വ്യത്യസ്തമായ നിലപാടാണ് കൈക്കൊണ്ടതെന്നാണ് ആരോപണം. പൊന്‍കുന്നം വര്‍ക്കിയുടെ മൃതദേഹം പള്ളിയില്‍ സംസ്കരിക്കാതെ വീട്ടുവളപ്പില്‍ സംസ്കരിയ്ക്കുന്നതില്‍ ചില സിപിഎം നേതാക്കള്‍ അമിതാവേശം കാണിച്ചതായി വിമര്‍ശനമുണ്ട്. വര്‍ക്കിയുടെ മക്കളില്‍ ചിലര്‍ക്ക് അദ്ദേഹത്തിന്റെ മൃതദേഹം പള്ളിയില്‍ സംസ്കരിയ്ക്കണമെന്ന മോഹമുണ്ടായിരുന്നു. പക്ഷെ പാര്‍ട്ടി നേതാക്കള്‍ ഇത് കണക്കിലെടുത്തതേയില്ല.

മരണാനന്തരം തന്റെ ജഡം പള്ളിയില്‍ സംസ്കരിയ്ക്കരുതെന്ന് പൊന്‍കുന്നം വര്‍ക്കി തന്നെ പല തവണ അഭിപ്രായപ്പെട്ടിരുന്നുവെന്നും അതിനനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചതെന്നുമാണ് സിപിഎം നേതാക്കളുടെ വാദം. എന്നാല്‍ വര്‍ക്കിയുടെ മക്കളില്‍ രണ്ട് പേര്‍ക്ക് അദ്ദേഹത്തെ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇടവക പള്ളിയിലെ വികാരി ഫാ. ജോസ് നീലത്തുമുക്കില്‍ ഇതിനനുകൂലമായി രംഗത്ത്വരികയും ചെയ്തു. തന്നെ പള്ളിയില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊന്‍കുന്നം വര്‍ക്കി ഒപ്പിട്ടതായി പറയുന്ന ഒരു കത്ത് ഇതിനായി വികാരി ഹാജരാക്കുകയും ചെയ്തു. ഈ കത്തില്‍ സാക്ഷിയായി പൊന്‍കുന്നം വര്‍ക്കിയുടെ സഹായി വാവോലിക്കല്‍ ജോയി ആണ് ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ അങ്ങിനെയൊരു കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നാണ് ജോയി പറയുന്നത്. മക്കളില്‍ ചിലര്‍ ജോയിയുടെയും വര്‍ക്കിയുടെയും ഒപ്പുകള്‍ വെള്ളക്കടലാസില്‍ വാങ്ങിയിരുന്നുവെന്നും ജോയി പറയുന്നു.

എന്തായാലും വര്‍ക്കിയുടെ കാര്യത്തില്‍ മക്കളുടെ ഇഷ്ടം കണക്കിലെടുക്കാമായിരുന്നു എന്ന അഭിപ്രായം വ്യാപകമായുണ്ട്. ക്രിസ്തുമത വിശ്വാസം മൃതദേഹം അടക്കം ചെയ്ത പറമ്പില്‍ താമസിയ്ക്കുന്നതിനെ അനുകൂലിയ്ക്കുന്നില്ല. വര്‍ക്കിയെ അടക്കം ചെയ്ത സ്ഥലം ഒരു സ്മാരകമാക്കിമാറ്റണമെന്ന അഭിപ്രായമാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X