കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജുവിന്റെ ഫൈനല്‍ ഇന്ന്

  • By Staff
Google Oneindia Malayalam News

ആതന്‍സ്: അത്ലറ്റിക്സില്‍ ഇന്ത്യയ്ക്ക് ഒരു ഒളിമ്പിക്സ് മെഡല്‍ തേടി അഞ്ജു ബോബി ജോര്‍ജ്ജ് ആഗസ്ത് 27 വെള്ളിയാഴ്ച ഇറങ്ങുന്നു. അഞ്ജുവിന്റെ കുതിപ്പിന് കരുത്തുപകരാന്‍ നൂറു കോടി പ്രാര്‍ത്ഥനകളാണ് ഉയരുന്നത്.

അഞ്ജുവിനും മെഡലിനും ഇടയില്‍ ഒട്ടേറെ കരുത്തരുണ്ട്. യുഎസിന്റെ മരിയന്‍ ജോണ്‍സും റഷ്യയുടെ തത്യാന ലെബഡോവയും ഉള്‍പ്പെടെ എട്ട് പേര്‍ ലോംഗ്ജമ്പ് യോഗ്യതാറൗണ്ടില്‍ അഞ്ജുവിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. എങ്കിലും എല്ലാ കരുത്തും ഫൈനലിലേയ്ക്കായി സംഭരിച്ചിരിയ്ക്കുകയാണ് അഞ്ജു. പി.ടി. ഉഷ പറഞ്ഞതുപോലെ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനം വെള്ളിയാഴ്ച അഞ്ജു പുറത്തെടുക്കില്ലെന്ന് ആര്‍ക്കറിയാം?

എല്ലാറ്റിനും പുറമെ ഒരു അന്ധവിശ്വാസവും അഞ്ജുവിന്റെ മെഡല്‍ സാധ്യതയ്ക്ക് കൂട്ടായുണ്ട്. പാരീസില്‍ നടന്ന ലോകഅത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു വെങ്കലം നേടിയിരുന്നു. പാരീസിലും അഞ്ജു എ ഗ്രൂപ്പിലായിരുന്നു. ആദ്യ ചാട്ടത്തില്‍ തന്നെ ഫൈനലിലേക്ക് യോഗ്യത നേടി. പാരീസിലേതു പോലെയാണ് ആതന്‍സിലും സംഭവിച്ചത്. എ ഗ്രൂപ്പില്‍ നിന്നും ആദ്യ ചാട്ടത്തില്‍ അഞ്ജു ഫൈനലില്‍ കുതിച്ചെത്തി. ഇനി പാരീസിലേതുപോലെ ഫൈനലില്‍ സംഭവിയ്ക്കുമോ? പാരീസില്‍ അഞ്ജു വെങ്കലമെഡില്‍ നേടി. ആതന്‍സിലും അത് ആവര്‍ത്തിയ്ക്കുമോ?

പാരീസിലേതുപോലൊരു കുതിപ്പിനാണ് ഇന്ത്യ കണ്ണോര്‍ക്കുന്നത്. വെള്ളിയാഴ്ച രാത്രി 10.35നാണ് ഫൈനല്‍. ആതന്‍സിലും പാരീസ് ആവര്‍ത്തിയ്ക്കുമെന്ന് അഞ്ജുവിന്റെ ഭര്‍ത്താവ് ബോബി ജോര്‍ജ്ജ് ഉറച്ച് വിശ്വസിയ്ക്കുന്നു.

ബുധനാഴ്ച നടന്ന യോഗ്യതാറൗണ്ടിലെ സമ്മര്‍ദ്ദത്തിന് ശേഷം അഞ്ജു വ്യാഴാഴ്ച മുഴുവന്‍ വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച ഉത്തേജകമരുന്ന് പരിശോധനയില്‍ അഞ്ജു പങ്കെടുത്തു. വീട്ടില്‍ നിന്ന് ഏറെക്കാലം വിട്ടുനില്ക്കേണ്ടിവന്നത് മാത്രമാണ് അഞ്ജുവിനെ ബുദ്ധിമുട്ടിയ്ക്കുന്നത്. എത്രയും വേഗം മത്സരം കഴിഞ്ഞ് വീട്ടിലെത്തണമെന്ന മോഹം അഞ്ജുവിനുണ്ട്.

അഞ്ജുവിനൊപ്പം ഫൈനലില്‍ മത്സരിയ്ക്കുന്ന മറ്റ് 11 താരങ്ങളും മികച്ച അത്ലറ്റുകളാണ്. ഇതില്‍ റഷ്യന്‍ അത്ലറ്റുകളാണ് ഏറെ അപകടകാരികള്‍. തത്യാന ലെബെഡേവ 7.33 മീറ്റര്‍ ചാടിയ അത്ലറ്റാണ്. ഐറിന സിമഗിനയും തത്യാന കൊടോവയും ഏഴ് മീറ്റര്‍ കടന്നവരാണ്. അഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം 6.74മീറ്റര്‍ ആണ്. മരിയന്‍ ജോണ്‍സാണ് മറ്റൊരു വെല്ലുവിളി.

എന്തായാലും ഒരു കൈനോക്കാമെന്ന ഉറപ്പിലാണ് അഞ്ജു. ഇന്ത്യ അഞ്ജുവില്‍ നിന്ന് സ്വര്‍ണ്ണമോ വെള്ളിയോ ഒന്നും പ്രതീക്ഷിയ്ക്കുന്നില്ല. ഒരു വെങ്കല മെഡല്‍. ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഇതുവരെ ഇന്ത്യയുടെ കൈയില്‍ നിന്നും വഴുതിപ്പോയ സൗഭാഗ്യം. മില്‍ഖാസിംഗിനും പി.ടി. ഉഷയ്ക്ക് നഷ്ടപ്പെട്ട ആ വെങ്കലം ആതന്‍സില്‍ അഞ്ജു നേടുമോ?

ഒളിമ്പിക്സ് പരിശീലനവേളകളില്‍ അഞ്ജു 6.80 മീറ്ററും അതിലധികവും പതിവായി ചാടാറുണ്ട്. ഈയിടെ ദോഹയില്‍ ഗ്രാന്റ്പ്രിക്സ് മീറ്റലും അഞ്ജു 6.80 മീറ്റര്‍ മറികടന്നു. പക്ഷെ കാറ്റ് ആനുകൂല്യത്തിലായിരുന്നു ഈ പറക്കല്‍. ബുധനാഴ്ച ബോര്‍ഡില്‍ നിന്നും 20 സെന്റിമീറ്റര്‍ പിന്നില്‍ നിന്നായിരുന്നു അഞ്ജുവിന്റെ ചാട്ടം. എന്നിട്ടും അഞ്ജു 6.69 മീറ്റര്‍ ചാടി. അതുകൊണ്ട് തന്നെ അഞ്ജു 6.80 മീറ്ററില്‍ എത്തിയേക്കുമെന്ന് എല്ലാവരും കരുതുന്നു. മാത്രമല്ല, മത്സരം കടുത്തതാകുമ്പോള്‍ ആര്‍ക്കും വന്‍പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാറില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മിക്കവാറും ആരും ഫൈനലില്‍ ഏഴ്മീറ്റര്‍ കടക്കാനിടയില്ലെന്നാണ് പറയുന്നത്. അങ്ങിനെയെങ്കില്‍ അഞ്ജുവിന് ഒരു വെങ്കലമെഡല്‍ കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ.

യോഗ്യതാറൗണ്ടില്‍ ബോര്‍ഡില്‍ നിന്നും ഏറെ പിന്നില്‍ നിന്നാണ് ഞാന്‍ ചാടിയത്. അതുകൊണ്ട് തന്നെ ഫൈനലില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്ന് വിശ്വസിയ്ക്കാം.- അഞ്ജു പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X