പാഠം മാസിക ജൂണില്‍ വീണ്ടുമെത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ പ്രത്യയശാസ്ത്ര സമരം നടത്തിപ്പോന്ന പാഠം മാസിക പ്രസിദ്ധീകരണ നിര്‍ത്തിവച്ച ഒരു ഇടവേളക്കു ശേഷം വീണ്ടുമെത്തുന്നു. ജൂണ്‍ മാസത്തില്‍ പാഠം മാസികയുടെ പുതിയ ലക്കം വിപണിയിലെത്തും.

എം. എന്‍. വിജയന്‍ തന്നെയായിരിക്കും പാഠം മാസികയുടെ മുഖ്യപത്രാധിപര്‍. പത്രാധിപ സമിതിയില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ തളിക്കുളത്തെ വിമത സിപിഎം നേതാവ് സന്തോഷും പത്രാധിപ സമിതിയിലുണ്ട്.

എം. എന്‍. വിജയന്‍ ദേശാഭിമാനി വാരികയുടെ പത്രാധിപരായിരിക്കെയാണ് പാഠം മാസികയുടെ പ്രസിദ്ധീകരണം നിര്‍ത്തിയത്. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിജയന്‍ പത്രാധിപരായ പാഠം മാസികയുടെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പിണറായി വിജയനുമായുണ്ടായ ആശയപരമായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദേശാഭിമാനി വാരികയുടെ പത്രാധിപസ്ഥാനം ഒഴിഞ്ഞ എം. എന്‍. വിജയന്‍ പാഠം മാസിക വീണ്ടും ആരംഭിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു.

കേരളത്തിന്റെ വിഭവ ഭൂപട നിര്‍മാണത്തില്‍ നെതര്‍ലാന്റ്സ് സര്‍ക്കാരിന്റെ ഇടപെടല്‍, പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കനേഡിയന്‍ കമ്പനിയായ എന്‍എന്‍സി ലാവ്ലിനുമായുണ്ടാക്കിയ കരാര്‍, കരിമണല്‍ ഖനനം എന്നിവ സംബന്ധിച്ച ലേഖനങ്ങള്‍ പാഠത്തിന്റെ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. സിപിഎമ്മിന്റെ ആസ്തികള്‍ സംബന്ധിച്ച ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ ലേഖനവും പുതിയ ലക്കത്തിലുണ്ട്. ഈ ലേഖനങ്ങള്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്താന്‍ സാധ്യതയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്