രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രമേശ് ചെന്നിത്തലയെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഹൈക്കമാന്റ് നേതാക്കളുമായി ജൂണ്‍ 20 തിങ്കളാഴ്ച രമേശ് ചെന്നിത്തല ചര്‍ച്ച നടത്തും.

ഔപചാരിക ചര്‍ച്ചകള്‍ക്കു മുമ്പായി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താനാണ് ഹൈക്കമാന്റിന്റെ തീരുമാനം. കെപിസിസി പ്രസിഡന്റിനെ ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്ന ആരോപണമുണ്ടാവാതിരിക്കാനാണ് ഉടന്‍ പ്രഖ്യാപനം നടത്താതെ വീണ്ടും ചര്‍ച്ചകള്‍ തുടരുന്നത്.

എ. കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വയലാര്‍ രവി എന്നിവരുമായി സോണിയാഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും ചര്‍ച്ച നടത്തും. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി തിങ്കളാഴ്ചയോടെ ആന്റണി ദില്ലിയിലെത്തും.

അതേ സമയം ഔപചാരിക പ്രഖ്യാപനം ധൃതി പിടിച്ചുവേണ്ടെന്ന നിലപാടാണ് അഹമ്മദ് പട്ടേലിനുള്ളത്. പുതിയ കെപിസിസി പ്രസിഡന്റിനെയും ഭാരവാഹികളെയും സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന് അഹമ്മദ് പട്ടേല്‍ ദില്ലിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് കൂടിയാലോചനകള്‍ തുടരുന്നത്. അവസാന നിമിഷം പ്രമേയം പാസാക്കി കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവത്തെ അട്ടിമറിച്ചുവെന്ന് അഭിപ്രായമുള്ളവരെ ഈ നടപടികളിലൂടെ അനുനയിപ്പിക്കാമെന്നും ഹൈക്കമാന്റ് കരുതുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്