കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണി 183 നോട്ടൗട്ട്; ഇന്ത്യക്ക് മൂന്നാം ജയം

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: മഹേന്ദ്രസിംഗ് ധോണിയുടെ അതിഗംഭീരമായ സെഞ്ച്വറിയുടെ ബലത്തില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനവും ഇന്ത്യ ജയിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലായി. ഏഴ് മത്സരങ്ങളുള്ള പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നു കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ജയിക്കാന്‍ 299 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 29 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനാണ് കളി ജയിച്ചത്. നേരിട്ട അവസാന പന്തില്‍ സിക്സറടിച്ച ധോണി സ്കോര്‍ 303ലെത്തിച്ചു.

സച്ചിന്‍ പുറത്തായതിനു ശേഷം ക്രീസിലെത്തിയതു മുതല്‍ നേരിട്ട അവസാനപന്തു വരെ ലങ്കന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത ധോണി പുറത്താവാതെ 145 പന്തില്‍ 183 റണ്‍സെടുത്തു. ധോണിയുടെ ഉജ്വല ഇന്നിംഗ്സില്‍ 10 സിക്സറുകളും 15 ബൗണ്ടറികളും ഉള്‍പ്പെടുന്നു. ധോണി തന്നെയാണ് മാന്‍ ഒഫ് ദി മാച്ച്.

കളി അവസാനിപ്പിക്കുമ്പോള്‍ വേണുഗോപാല റാവുവാണ് (19) ധോണിയോടൊപ്പം ക്രീസിലുണ്ടായിരുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2), വീരേന്ദര്‍ സെവാഗ് (39), രാഹുല്‍ ദ്രാവിഡ് (28)യുവരാജ് സിംഗ് (18) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.

ഇന്ത്യക്ക് 299 റണ്‍സിന്റെ വിജയലക്ഷ്യം

ജയ്പൂര്‍: പരമ്പരയിലാദ്യമായി ശ്രീലങ്കന്‍ ബാറ്റിംഗ് നിര ഫോമിലെത്തിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 299 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിനിറങ്ങിയ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിനാണ് 298 റണ്‍സ് നേടിയത്.

ഒരിക്കല്‍ കൂടി തന്റെ ഉജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ കുമാര സംഗക്കാരയാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന് അടിത്തറ പാകിയത്. പരമ്പരയില്‍ ആദ്യമായി സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാനായ സംഗക്കാര 147 പന്തില്‍ 138 റണ്‍സാണ് നേടിയത്. ഓപ്പണറായെത്തി 50 ഓവറും കളിച്ച സംഗക്കാര പുറത്താവാതെ നിന്നു. 16 പന്തില്‍ നിന്ന് 33 റണ്‍സ് നേടി പുറത്താവാതെ നിന്ന ഫര്‍വീസ് മഹ്റൂഫാണ് അവസാന ഓവറുകളില്‍ സംഗക്കാരയോടൊപ്പം വെടിക്കെട്ട് ബാറ്റിംഗ് നടത്തിയത്.

നേരത്തെ രണ്ടിന് 77 എന്ന നിലയില്‍ സംഗക്കാരയോടൊപ്പം ചേര്‍ന്ന് ഗംഭീര ഇന്നിംഗ്സ് പാകിയ മധ്യനിര ബാറ്റ്സ്മാന്‍ മഹേല ജയവര്‍ധന 70 പന്തില്‍ നിന്ന് 71 റണ്‍സ് നേടി. ഇരുവരുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 151 റണ്‍സാണ് ചേര്‍ത്തത്.

ഇന്ത്യക്കു വേണ്ടി അജിത് അഗാര്‍കര്‍ രണ്ട് വിക്കറ്റെടുത്തു. ഹര്‍ഭജനും സെവാഗും ഓരോ വിക്കറ്റ് കൊയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X