ജര്‍മനിയെ നടുക്കി ഇറ്റലി ഫൈനലില്‍
ഡോര്‍ട്ട്മുണ്ട്: അധികസമയത്തിന്റെ അന്ത്യനിമിഷങ്ങളില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് ഇറ്റലി ജര്‍മന്‍ കിരീട പ്രതീക്ഷകള്‍ തകര്‍ത്തു. കളി ടൈബ്രേക്കറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ജര്‍മന്‍ പ്രതിരോധത്തെ തകര്‍ത്ത് ഇറ്റലി രണ്ട് ലോകകപ്പുകളുടെ ഇടവേളക്കു ശേഷം ഫൈനലിലേക്ക് കടന്നു.
അധികസമയത്തിന്റെ 29-ാം മിനുട്ടിലും ഇഞ്ച്വറി ടൈമിലുമാണ് ജര്‍മനിയെ വിറപ്പിച്ച ഗോളുകള്‍ വീണത്. ഫാബിയോ ഗ്രോസോയും ദെല്‍ പിയറോയുമാണ് ഇറ്റലിയുടെ വിജയഗോളുകള്‍ നേടിയത്. ഫൈനലില്‍ ഇനി ഇറ്റലിക്ക് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരത്തിലെ വിജയികളെ നേരിടാം.
ആദ്യന്തം ആവേശകരമായ മത്സരത്തില്‍ ഇറ്റലിക്കു തന്നെയായിരുന്നു മേല്‍ക്കൈ. കടുത്ത പ്രതിരോധത്തിനൊപ്പം മൂര്‍ച്ചയേറിയ ആക്രമണവും. അതായിരുന്നു ഇറ്റലിയുടെ ശൈലി. ആ കേളീമികവിന് മുന്നില്‍ ജര്‍മനി അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു. ഇറ്റലിയുടെ ആക്രമണത്തിന് മുന്നില്‍ പലപ്പോഴും ചൂളിപ്പോയ ജര്‍മനിക്ക് ഇറ്റാലിയന്‍ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാനുമായില്ല.
ഡോര്‍ട്ട്മുണ്ടില്‍ ഒരു കളിയും തോറ്റിട്ടില്ലെന്ന ജര്‍മനിയുടെ ചരിത്രമികവാണ് ഇല്ലാതായത്. അവസാന മിനുട്ടുകളില്‍ പിറന്ന ഗോളുകള്‍ ജര്‍മന്‍ ആരാധകരുടെ കണ്ണീര് വീഴ്ത്തി. ഏഴാം തവണ ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യടീമെന്ന ചരിത്രം കുറിക്കാന്‍ ബല്ലാക്കിനും കൂട്ടര്‍ക്കും കഴിയാതെ പോയി.












Click it and Unblock the Notifications