മൃതദേഹം നാട്ടിലെത്തിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു
തിരുവനന്തപുരം: ചൈനയില്‍ ഫൂട്ബോള്‍ കളിക്കിടെ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ എംബസ്സിയിലെ ഉദ്യോഗസ്ഥരും ദില്ലിയിലെ വിദേശകാര്യ മന്ത്രാലയവും കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
ഇന്ത്യന്‍ എംബസ്സി 29 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ വിദേശകാര്യ മന്ത്രായലയം ആവശ്യപ്പെട്ടത് 20ലക്ഷംമാണ്. ഇക്കാര്യം കാണിച്ചുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍.
കവടിയാര്‍ ബ്രാഹ്മിന്‍സ് കോളനിയില്‍ കല്ലുവിള വീട്ടില്‍ രാമഭദ്രന്റെ മകന്‍ വിവേക് റാമിന്റെ (19) മൃതദേഹമാണ് വിലപേശലിന് ഇരയായത്. അധികൃതരുടെ വിലപേശലിനെത്തുടര്‍ന്ന് ബെയ്ജിംഗിലെ റെഡ്ക്രോസിന്റെ സഹായത്തോടെ ആറുലക്ഷം രൂപ ചെലവില്‍ ബന്ധുക്കല്‍ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
ജൂണ്‍ 30ന് കോളജില്‍ നിന്ന് പരീക്ഷകഴിഞ്ഞു ഫുട്ബോള്‍ കഴിക്കുമ്പോള്‍ തുടയെല്ലു പൊട്ടി മജ്ജ രക്തധമനികളിലൂടെ മസ്തിഷ്കത്തില്‍ കയറിയാവിവേക് റാം മരിച്ചത്. അപകടത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ വിവേഗ് ജൂലൈ അഞ്ചിനാണ് മരിച്ചത്. പിതാവ് രാമഭദ്രന്‍ ബീജിംഗിലെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെത്തിച്ചത്.
ബീജിംഗിലെത്തിയ രാമഭദ്രന്‍ വിവേകിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടു. എന്നാല്‍ ഈ ചെലവുകളിലേക്ക് 18,500 ഡോളര്‍(ഏകദേശം 9ലക്ഷം രൂപ) ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് ദില്ലിയിലെ വിദേശകാര്യമന്ത്രാലയത്തില്‍നിന്ന് വീട്ടിലേക്ക് വിളിച്ച് ഉടന്‍ 20ലക്ഷം രൂപ തിരുവനന്തപുരം റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും മറ്റൊരാള്‍ വിളിച്ച് 29ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു- വീട്ടുകാര്‍ വിശദീകരിച്ചു.
എന്നാല്‍ രാമഭദ്രന്‍ ബീജിംഗ് റെഡ്ക്രോസുമായി ബന്ധപ്പെടുകയും അവര്‍വഴി മൃതദേഹം നാട്ടിലെത്തിക്കുന്ന ഏജന്‍സിയുമായി നേരിട്ടുബന്ധപ്പെടുകയുമായിരുന്നു. അങ്ങനെ ആറ് ലക്ഷം രൂപ അടച്ച് മൃതദേഹം നാട്ടിലെത്തിച്ചു.
ഇക്കാര്യം എംബസ്സിയെ അറിയിച്ചപ്പോള്‍ തുക കുറഞ്ഞതിനാല്‍ ശവപ്പെട്ടുയുടെ നിലവാരം മോശമായിരിക്കുമെന്നായിരുന്നു പ്രതികരണമെന്ന് രാമഭദ്രന്‍ പറഞ്ഞു. തുക മനപ്പൂര്‍വ്വം കൂട്ടിവാങ്ങി ചെലവു കഴിഞ്ഞ് ബാക്കി വരുന്നത് എംബസി അധികൃതരും ഏജന്‍സിയും വീതിച്ചെടുക്കകയാണെന്നാണ് ആരോപണം.
പാസ്പോര്‍ട്ട് റദ്ദാക്കി ചരമ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും പണം ഈടാക്കി. മറ്റു യാതൊരു സഹായവും എംബസിയില്‍ നിന്ന് ലഭിച്ചില്ലെന്നും രാമഭദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി ടി ആര്‍ ബാലു, നോര്‍ക്ക, മുഖ്യമന്ത്രി എന്നിവരുടെ കത്തുകളും എംബസിയിലേക്ക് അയച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് 7000കുട്ടികള്‍ ചൈനയില്‍ എംബിബിഎസിന് പഠിക്കുന്നുണ്ട്. എംബസ്സിയുടെ ചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും ഇത്തരം ക്രൂരതകള്‍ തുടരുമെന്നും രാമഭദ്രന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications