തന്ത്രി വിവാദം: സുപ്രധാന തെളിവുകള്‍ ലഭിച്ചു
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ഫ്ലാറ്റില്‍ തടഞ്ഞ് പണം തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പറയപ്പെടുന്ന ആറംഗ സംഘത്തിനായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ ഐജി അരുണ്‍ കുമാര്‍ സിന്‍ഹ കൊച്ചിയിലെത്തി കേസന്വേഷണത്തിന്റെ പുരോഗതികള്‍ വിലയിരുത്തി.
നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വാടകഗുണ്ടകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംഘത്തെ കസ്റഡിയിലെടുത്തതായി പുറത്തുവന്ന വാര്‍ത്തകള്‍ പൊലീസ് നിഷേധിച്ചു.
സൗത്ത് മേല്‍പ്പാലത്തിനടുത്തുള്ള ഫ്ലാറ്റില്‍ വെച്ച് ഒരു സംഘം തന്ത്രിയെ തടഞ്ഞുവെച്ചുവെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. എന്നാല്‍ ഇത് ചെയ്തവര്‍ ആരെന്ന കാര്യത്തില്‍ രണ്ട് സാധ്യതകളാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രിയെ മനപ്പൂര്‍വ്വം കുരുക്കാന്‍ ആരെങ്കിലും വാടകസംഘത്തെ നിയോഗിച്ചിരിക്കാമെന്നതാണ് ആദ്യത്തെ സാധ്യത . അല്ലെങ്കില്‍ വിദ്വേഷമുള്ള ആരെങ്കിലും നേരിട്ടെത്തി ചെയ്തതായിരിക്കാം എന്നും പൊലീസ് പറയുന്നു.
ഇതിനിടെ ഫ്ലാറ്റില്‍ തന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സംഭവത്തെപ്പറ്റി ഏതാനും സുപ്രധാന തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.
സ്ത്രീകളുമായുള്ള മുന്‍പരിചയം മുതലാക്കി തന്ത്രിയെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചുവരുത്തി കെണിയില്‍ വീഴ്ത്താന്‍ ആരെങ്കിലും ശ്രമിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തന്ത്രിയുടെ ജോലിക്കാരന്‍ ജയപ്രകാശ്, ഫ്ലാറ്റുടമ ശോഭ ജോണ്‍, എന്നിവരെ പൊലീസ് ബുധനാഴ്ച ചോദ്യം ചെയ്തിട്ടുണ്ട്. ഫ്ലാറ്റിലുണ്ടായിരുന്ന ശാന്തയെന്ന സ്ത്രീയെ കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തിരന്നു.
ശാന്തയുടെയും ശോഭാജോണിന്റെയും ഫോണുകളിലേക്ക് വന്നതും വിളിച്ചതുമായി ബിഎസ്എന്‍എല്‍ നമ്പറുകള്‍ മാത്രം ചില സാങ്കേതിക തടസ്സങ്ങള്‍കൊണ്ട് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റു സര്‍വ്വീസുകളിലെ നമ്പറുകള്‍ പരിശോധിച്ചുകഴിഞ്ഞു.
മോഷണത്തെക്കാളുപരി തന്ത്രിയെ അപമാനിക്കലായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. സ്ത്രീകളെയും തന്ത്രിയെയും നിര്‍ത്തി എടുത്ത ഫോട്ടോകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ട് സ്ത്രീകള്‍ പരാതി നല്‍കാതിരുന്നതും സംശയത്തിന് ഇടയാക്കിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍നിന്ന് അന്വേഷോദ്യോഗസ്ഥരെ കര്‍ശനമായി വിലക്കിയിട്ടുണ്ട്.
ബുധനാഴ്ച പൊലീസ് ക്ലബ്ബില്‍ എത്തിയ ഐജിയെക്കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും അവരെ കാണാന്‍ കഴിയില്ലെന്ന് ഐജി പൊലീസുദ്യോഗസ്ഥര്‍ മുഖേന അറിയിക്കുകയായിരുന്നു. പിന്നീട് സിഐജി വേണു എത്തി കേസന്വേഷണം പുരോഗതിയിലാണെന്നും സാക്ഷികളെ ചോദ്യം ചെയ്തുവരുകായാണെന്നും അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications