മാറാട് റിപ്പോര്‍ട്ട് ചോര്‍ച്ച സിബിഐ അന്വേഷിക്കില്ല: സര്‍ക്കാര്‍
കൊച്ചി: മാറാട് കലാപവുമായി ബന്ധപ്പെട്ടുള്ള പൊലീസ് രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കലാപത്തിനായി സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു പിന്നില്‍ നടന്ന ഗൂഡാലോചന,കലാപത്തിന് വേണ്ടിയുള്ള ധനസഹായത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ആഭ്യന്തര സെക്രട്ടറി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാറാട്ടുണ്ടായ ഒന്നാംകലാപത്തെക്കുറിച്ചും അന്വേഷണ വിഷയങ്ങളില്‍ പരാമര്‍ശമില്ല. കലാപവുമായി ബന്ധപ്പെട്ട് നേരത്തേ അന്വേഷണം നടത്തിയ വിഷയങ്ങളും സിബിഐ അന്വേഷണത്തിന്റെ പിരിധിയില്‍ കൊണ്ടുവന്നിട്ടില്ല.
ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന് റിപ്പോര്‍ട്ട് കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്.
എന്‍ഡിഎഫിന് വിദേശ രാജ്യങ്ങളിലെ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് കുമ്മനം രാജശേഖരന്‍ മാറാട് കമ്മിഷന് മുമ്പാകെ ഹാജരാക്കിയതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎഫ് കോടതിയെ സമീപിച്ചത്.
പൊലീസിന്റെ വകുപ്പുതല അന്വേഷണത്തിലും റിപ്പോര്‍ട്ട് ചോര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഏതു വഴിയ്ക്കാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നില്ല. ആ അന്വേഷണ പ്രകാരം ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications