കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ പ്രശ്നം: ഡിഎംകെ ഉപരോധം നടത്തി

  • By Staff
Google Oneindia Malayalam News

പാലക്കാട്: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാവിക സേനാ സംഘത്തെക്കൊണ്ടു പരിശോധന നടത്തിച്ചതടക്കമുള്ള കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്കുള്ള പാതകള്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

ശബരിമല തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ഉപരോധത്തെത്തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. പാലക്കാട്ടുനിന്നും കോയമ്പത്തൂരേയ്ക്കും തമിഴ്നാടിന്റെ മറ്റുഭാഗങ്ങളിലേയ്ക്കുമുള്ള കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസുകള്‍ വ്യാഴാഴ്ച ഉച്ചയോടെതന്നെ നിര്‍ത്തിവെച്ചിരുന്നു.

കുമളിയില്‍ ചെക്ക്പോസ്റുകള്‍ അടച്ച് തമിഴ്നാട് ഉദ്യോഗസ്ഥരും ഗതാഗതം തടസ്സപ്പെടുത്തി. പൊള്ളാച്ചി-പാലക്കാട് മീറ്റര്‍ ഗേജ്പാതയില്‍ വേലന്താവളത്ത് ഉപരോധക്കാര്‍ ട്രയിന്‍ തടഞ്ഞു. പാലക്കാട്ടു നിന്നും തമിഴ്നാട്ടിലേയ്ക്കുള്ള വാഹനങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ തടഞ്ഞുവെച്ചു.

ഉപരോധത്തില്‍ പലയിടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള രണ്ടുവാഹനങ്ങല്‍ കമ്പത്തുവെച്ച് സമരക്കാര്‍ തകര്‍ത്തു. കേരളത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ഉപരോധക്കാരുടെ പ്രകടനം.

പാറശാല കളിയിക്കാവിളയില്‍ ഉപരോധം നടത്തിയ ഡിഎംകെ സംഘത്തിലെ 96പേരെ തമിഴ്നാട് പൊലീസ് അറസ്റുചെയ്തു. ഡിഎംകെയുടെ യുവജന സംഘം ജില്ലാ ഓര്‍ഗനൈസര്‍ അഡ്വ.മഹേഷിന്റെ നേതൃത്വത്തിലെത്തിയ നൂറോളം പേരുടെ സംഘം ബസ്സ്റാന്റിന് മുന്നില്‍ കേരള സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കി മുക്കാല്‍ മണിക്കൂറോളം വാഹനഗതാഗതം തടഞ്ഞു.

കോയമ്പത്തൂരിനടുത്തുള്ള ചാവടിയില്‍ ഭരണകക്ഷി എംഎല്‍എമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. കൊല്ലം-ചെങ്കോട്ട പാതയൊഴികെയുള്ള എല്ലാ പാതകളിലും പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. തമിഴ്നാട് മന്ത്രി പൊങ്കല്ലൂര്‍ എന്‍. പളനിസ്വാമി സ്ഥലത്തെത്തി സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ചെറിയ തോതില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായി കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പ്രശ്നത്തില്‍ സംയമനം പാലിക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X