പെണ്‍കുട്ടികളെ കിട്ടാഞ്ഞ് യുവാവ്് വിധവയെ വിവാഹം ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്ഘോട്ടിനടുത്തുള്ള സരപദ് ഗ്രാമത്തിലെ പട്ടേല്‍ യുവാവായ മുപ്പത്തിയേഴുകാരന്‍ അമര്‍സിംഗ് വിവാഹപ്രായമായതോടെ വധുവിനായി സ്വന്തം സമുദായത്തില്‍ ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തി. അവസാനം സ്വന്തം സമുദായത്തില്‍ നിന്ന് ഒരു കന്യകയെ വിവാഹം കഴിക്കാന്‍ കഴിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒരു വിധവയെ വിവാഹം ചെയ്തു. അതും നാല് പെണ്‍കുട്ടികളുടെ അമ്മയായ ഒരു സ്ത്രീയെ.
ഇതാണ് ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ സ്ഥിതി. ഇവരിലെ സ്ത്രീ, പുരുഷ അനുപാതത്തിലുള്ള ഭീമമായ വ്യത്യാസം കാരണം മിക്കപുരുഷന്മാര്‍ക്കും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ല.
മിക്കവരും വിധവകളെ വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ ആദിവാസി വധുക്കളെ പണം കൊടത്തു വാങ്ങി വിവാഹബന്ധത്തിലേര്‍പ്പെടുകയോ ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രം ജന്മം നല്‍കുന്നതിന്റെ പേരില്‍ സ്ത്രീകള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്നതും ഇവിടെ പതിവാണ്.
അനൗദ്യോഗിക മായി നടത്തിയ ഒരു സര്‍വ്വേയിലെ കണക്ക് പ്രകാരം ആറുവയസ്സുവരെയുള്ള ആണ്‍കുട്ടികളെ എടുക്കുമ്പോള്‍ ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം 25മുതല്‍ 40 ശതമാനം വരെ കുറവാണ്. ഇക്കാരണം കൊണ്ടുതന്നെ ഇപ്പോള്‍ 60ഓളം പട്ടേല്‍ യുവാക്കള്‍ അവിവാഹിതരായി കഴിയുകയാണ്.
അമര്‍സിംഗിന് താഴെ അഞ്ച് സഹോദരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇയാളുടെ വര്‍ദ്ധിച്ചുവരുന്ന പ്രായം കുടുംബത്തില്‍ അസ്വസ്ഥതകളുണ്ടാക്കി. എന്നാല്‍ സ്വന്തം സമുദായത്തില്‍ നിന്ന് വധുവിനെ കിട്ടാനുമില്ല. അങ്ങനെയിരിക്കെയാണ് ഒരു കുടുംബസുഹൃത്ത് മുഖേന രാജ്ഘോട്ടിലുള്ള സവിത പാട്ടീല്‍ എന്ന നാല് പെണ്‍മക്കളുടെ അമ്മയായ വിധവയെക്കുറിച്ചറിയുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം കുടുംബം ഉപേക്ഷിയ്ക്കുകയും വീട് തകര്‍ക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് റോഡിലാണ് ഈ സ്ത്രീയും നാല് മക്കളും കഴിഞ്ഞിരുന്നത്. സവിതയെക്കുറിച്ച് കേട്ടപ്പോള്‍ അവരെ തന്നെ വിവാഹം ചെയ്യാം എന്ന് തീരുമാനിയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ നാല് പെണ്‍കുട്ടികളുടെ പിതാവാണ്- നവംബറില്‍ വിവാഹിതനായ അമര്‍ പറയുന്നു.
വിവാഹശേഷം ഇദ്ദേഹം പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുകയും അവര്‍ക്ക് വേണ്ടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇങ്ങനെയൊരു ജീവിതം ഇനി തനിയ്ക്കുണ്ടാവുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് സവിത. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഒട്ടേറെ മുറുമുറുപ്പുണ്ടായിരുന്നെങ്കിലും തങ്ങളുടെ ബന്ധം ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചകഴിഞ്ഞെന്നും സവിത പറയുന്നു.
ഈ സല്‍പ്രവൃത്തിയെ മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ അമറിനെ അനുമോദിച്ചു. ഇതിനെത്തുടര്‍ന്ന് ഇവരുടെ സമുദായാംഗങ്ങളും അമറിനെ അനുമോദിയ്ക്കാനായി ഒരു ചടങ്ങു സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.












Click it and Unblock the Notifications