ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആറളം ഫാം കയ്യേറി
കണ്ണൂര്‍: ഇരിട്ടിയിലെ ആറളം ഫാമില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി അളന്നു തിരിച്ചിട്ട ആയിരം ഏക്കര്‍ ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതി കയ്യേറി കുടിലുകള്‍കെട്ടി.
ഫാമിനു ചുറ്റുമുള്ള 50 കോളനികളില്‍ നിന്നായി ആയിരം ആദിവാസി കുടുംബങ്ങളാണ് കൃഷിയിടങ്ങള്‍ കയ്യേറിയത്. മിനി ലോറികളിലും ജീപ്പുകളിലുമായി താമസത്തിനും കുടില്‍ നിര്‍മാണത്തിനുമുള്ള വസ്തുക്കളുമായാണ് ആദിവാസികള്‍ എത്തിയത്.
ചങ്കായത്തോട്, കൊട്ടിയൂര്‍, കണിച്ചാര്‍, കേളകം, മുണ്ടയാംപറമ്പ്, ഈന്തുംകരി, വളയംചാല്‍, അമ്പലക്കണ്ടി, പുതിയങ്ങാടി, വീര്‍പ്പാട്, അരുവിക്കല്‍, 28ാം മെയില്‍, പെരുവ, ചെമ്പുക്കാവ് എന്നീകോളനികളില്‍ നിന്നുള്ളവരാണ് ഫാമില്‍ പ്രവേശിച്ചിട്ടുള്ളത്.
ഭൂവിതരണ നടപടിക്രമങ്ങള്‍ വൈകിയതിലും അരാജകത്വ തീവ്രവാദ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഫാം കൊള്ളയടിക്കുന്നതിലും പ്രതിഷേധിച്ചാണ് ഈ നീക്കമെന്ന് സ്ഥലത്തെത്തിയ സിപിഎം-എകെഎസ് നേതാക്കള്‍ പറഞ്ഞു.
ഭൂരഹിതരും ഭൂമി ലഭിക്കുന്നതിനായി ഊരുകൂട്ടങ്ങളില്‍ അര്‍ഹത നേടിയവരുമായ കുടുംബങ്ങളാണ് അളന്നു തിരിച്ചിട്ടുള്ള സ്ഥലത്ത് താമസിച്ചിട്ടുള്ളത്. അതുകൊണ്ട് ഇതു കയ്യേറ്റമല്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു. 1500 കുടുംബങ്ങളെ ഫാമില്‍ പ്രവേശിപ്പിക്കുകയെന്നതാണ് ക്ഷേമസമിതിയുടെ ലക്ഷ്യം.
ആദിവാസി ഗോത്രമഹാസഭാ, ആദിവാസി വിമോചന മുന്നണി എന്നിവയുടെ നേതൃത്വത്തില്‍ ആയിരത്തഞ്ഞൂറോളം കുടുംബങ്ങള്‍ എട്ടു മാസം മുന്‍പ് ഫാം കയ്യേറി കുടില്‍ കെട്ടി കഴിയാന്‍ തുടങ്ങിയിട്ടുണ്ട്. ഔദ്യോഗികമായി പട്ടയം കിട്ടിയ 847 കുടുംബങ്ങളും ഫാമിലുണ്ട്.
കയ്യേറ്റത്തിനെതിരെ ഉചിതമായ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, ആര്‍ഡിഒ, എസ്പി, ഇരിട്ടി ഡിവൈഎസ്പി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഫാം അഡ്മിനിസ്ട്രേറ്റര്‍ ടി.വി ശ്രീധരന്‍ അറിയിച്ചു.












Click it and Unblock the Notifications