കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടേക്കാട് ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

തട്ടേക്കാട് ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു
ബുധന്‍, ഫെബ്രുവരി 21, 2007

കോതമംഗലം: എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം പെരിയാറില്‍ ബോട്ട് മുങ്ങി 15വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമുള്‍പ്പെടെ 18പേര്‍ മരിച്ചു. അങ്കമാലി എളവൂര്‍ ചെട്ടിക്കുന്ന് സെന്റ് ആന്റണീസ് യുപി സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍പ്പെട്ടവരാണ് ദുരന്തത്തില്‍ മരിച്ചത്.

മൊത്തം 118 പേരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. മരിച്ചവരിലേറെയും പത്തുവയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണ്. സംഘത്തിലെ 91വിദ്യാര്‍ത്ഥികളും ഏഴ് അധ്യാപകരുമുള്‍പ്പെടെ നൂറുപേര്‍ സുരക്ഷിതരാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. രക്ഷപെട്ട 87 കുട്ടികളെ രക്ഷിതാക്കള്‍ എത്തി വീടുകളിലേക്കു കൊണ്ടുപോയി. രക്ഷപെട്ടവരില്‍ ആറു മുതിര്‍ന്നവരുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. കോതമംഗലത്തു നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ ഭൂതത്താന്‍കെട്ട് ഡാം റിസര്‍വോയറില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ബോട്ടില്‍ കയറിയത്.

വിദ്യാര്‍ത്ഥികളെയും കൊണ്ട് മൂന്നു ബോട്ടുകളിലായി തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്കു പോയി മടങ്ങുകയായിരുന്ന ബോട്ടുകളിലൊന്നാണ് മറിഞ്ഞത്. തട്ടേക്കാടിന് ഒരു കിലോമീറ്റര്‍ മുകളില്‍ പെരിയാറിലെ ഓവുങ്കല്‍ കടവിലായിരുന്നു അപകടം. ദുരന്തത്തില്‍പെട്ട ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നത്.

രണ്ട് ഫൈബര്‍ ബോടടുകള്‍ കൂട്ടിഘടിപ്പിച്ച എന്‍ജിന്‍ ബോട്ടിലാണ് വിദ്യാര്‍ത്ഥികള്‍ എല്ലാവരും കയറിയത്. മടക്കയാത്രയില്‍ വെള്ളത്തിന് നടുക്കത്തിയപ്പോള്‍ ബോട്ടില്‍ വെള്ളം കയറുന്നുണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് ഡ്രൈവര്‍ ബോട്ട് കരയിലേയ്ക് അടുപ്പിക്കാന്‍ ശ്രമിച്ചു. ഇതുകൊണ്ടാണ് കുറേപ്പേരെങ്കിലും രക്ഷപ്പെട്ടത്. ബോട്ടിനടിയിലുള്ള ഫൈബര്‍ പാനല്‍ ഇളകിയാണ് വെള്ളം കയറിയത്. ലൈസന്‍സില്ലാത്ത ബോട്ടാണ് സര്‍വ്വീസ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എളവൂര്‍ ഇല്ലത്തുപറമ്പില്‍ സുന്ദരന്റെയും ബിന്ദുവിന്റെയും മകള്‍ സേതുലക്ഷ്മി, എളവൂര്‍ പാത്താടന്‍ റാഫേലിന്റെയും മേരിയുടെയും മകന്‍ റോബിന്‍ റാഫേല്‍, എളവൂര്‍ ശ്രാംബിയേക്കല്‍ അശോകന്റെ മക്കളായ അശ്വതി, അമൃത, ഇളവൂര്‍ വടക്കന്‍ വീട്ടില്‍ അജിത് ചന്ദ്രന്‍, പുളിയനം മനക്കപ്പടി കൈപ്പിള്ളി കാളിന്ദിയില്‍ ഹരിഹരന്റെയും വത്സലയുടെയും മകന്‍ അര്‍ജുന്‍ ഹരി, പുളിയനം കരിയാടന്‍ വിന്‍സന്റിന്റെയും ആനിയുടെയും മകള്‍ മരിയ വിന്‍സന്റ്, പുളിയനം മേലാപ്പിള്ളി കുരിയന്റെയും മേരിയുടെയും മകന്‍ സെബിന്‍ കുരിയന്‍, കുന്നപ്പള്ളിശ്ശേരി കല്ലാട് വീട്ടില്‍ ശെല്‍വരാജിന്റെയും മോഹിനിയുടെയും മകള്‍ സ്വാതി, കുന്നപ്പള്ളിശ്ശേരി പള്ളിത്തറ വീട്ടില്‍ വിജയന്റെയും ശാന്തയുടെയും മകള്‍ അഞ്ജന, കണ്ണപ്പള്ളി എളവൂര്‍ ചക്യത്ത് ജോജോ ജോയി, പുളിയനം മാമ്പ്ര പുത്തന്‍വീട്ടില്‍ ജോസിന്റെയും മേരിയുടെയും മകന്‍ സിജോ ജോസ് , അങ്കമാലി തേലപ്പിള്ളില്‍ സൈമണിന്റെ മകന്‍ മാത്യു, അങ്കമാലി പോച്ചുള്ളില്‍ കണ്ണന്റെ മകന്‍ നിഖില്‍, പി.ഐ എല്‍ദോസ്. എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്.

മന്ത്രിമാരായ എസ്. ശര്‍മ, ടി. യു കുരുവിള, ജില്ലാ കലക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംഭവം അറിഞ്ഞ ഉടന്‍ തന്നെ നേവി സംഘത്തോട് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ ആന്റണിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ബുധനാഴ്ച തട്ടേക്കാടും എളവൂരും സന്ദര്‍ശിക്കുംദുരന്തത്തെക്കുറിച്ച് ഡിജിപി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരോടുള്ള ആദരസൂചകമായി അങ്കമാലിയിലും തട്ടേക്കാടും ബുധനാഴ്ച ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് വിശദവിവരങ്ങള്‍ നല്‍കുന്നതിനായി എറണാകുളം കളക്ടറേറ്റിലും കോതമംഗലത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. നമ്പര്‍- 0484 2423001, 0484 2372902

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X