ഓണ്‍ലൈന്‍ ലോട്ടറി: 5,000 കോടി സര്‍ക്കാരിനു നഷ്ടപ്പെടുന്നു
കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറി വില്പനയിന്മേല്‍ സര്‍ക്കാരിന് വില്പനനികുതി ഈടാക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ , ഓണ്‍ലൈന്‍ ലോട്ടറി ഡീലര്‍മാരില്‍ നിന്ന് സര്‍ക്കാരിന് കിട്ടാനുളള കോടിക്കണക്കിന് കുടിശ്ശിക പിരിച്ചെടുക്കാനാവില്ലെന്ന് വ്യക്തമായി.
ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍ നിന്ന് 5000 കോടി രൂപ കുടിശ്ശികയിനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ടെന്നാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞിട്ടുളളത്. ലോട്ടറിടിക്കറ്റ്, ചരക്കിന്റെ നിര്‍വചനത്തില്‍ വരുന്നില്ലെന്നും, അതിനാല്‍ വില്പനനികുതി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നുമുളള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍ നിന്നുളള വില്പനനികുതിയും ലൈസന്‍സിങ് ഫീസും പിരിച്ചെടുക്കാനുളള നോട്ടീസുകളില്‍ തുടര്‍ നടപടികളെടുക്കുന്നത് ജസ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ വിലക്കിയിട്ടുണ്ട്. പ്ലേവിന്‍, ലോട്ടസ്, സ്മാര്‍ട്ടവിന്‍, ഫോര്‍ച്യൂണ്‍ എന്നീ ഓണ്‍ലൈന്‍ ലോട്ടറികളുടെ വില്പനക്കാരുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടുളള ഉത്തരവാണിത്.
വില്പന നികുതി നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറിക്ക് ലൈസന്‍സിങ് ഫീസും വില്പനനികുതിയും ഈടാക്കുന്നതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ഇതു പിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന വില്പനനികുതി നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
ലോട്ടറിടിക്കറ്റ് ചരക്കിന്റെ നിര്‍വചനത്തില്‍ വരുമെന്നും അതിനാല്‍ ലോട്ടറിടിക്കറ്റ് ചരക്കിന്റെ നിര്‍വചനത്തില്‍ വരുമെന്നും അതിനാല്‍ വില്പനനികുതിയും മറ്റും പിരിക്കാന്‍ അധികാരമുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഇതു സംബന്ധിച്ച 2006ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലോട്ടറി ടിക്കറ്റ് വില്പനയുമായി അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുളളത്.


Click it and Unblock the Notifications