കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്‌റ്ററില്‍ സോണിയ ദുര്‍ഗ്ഗാ ദേവി

  • By Staff
Google Oneindia Malayalam News

ദില്ലി: മതേതരസ്വഭാവമുണ്ടെന്ന്‌ കൊട്ടിഘോഷിയ്‌ക്കുന്ന കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കും ദേവ പരിവേഷം.

ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലുള്ള ആരാധന മൂത്ത പാര്‍ട്ടിപ്രവര്‍ത്തകരാണ്‌ സോണിയാ ഗാന്ധിയെ ദുര്‍ഗ്ഗാദേവിയായി ചിത്രീകരിച്ചുകൊണ്ട്‌ പോസ്‌റ്റര്‍ തയ്യാറാക്കി പാര്‍ട്ടി ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്നത്‌.

ദുര്‍ഗ്ഗാ ദേവിയുടെ രൂപത്തില്‍ സോണിയയുടെ മുഖത്തിന്റെ ചിത്രം പതിച്ചാണ്‌ സിംഹത്തിന്റെ പുറത്തിരിയ്‌ക്കുന്ന സംഹാര രുദ്രയായ ദുര്‍ഗ്ഗയുടെ പരിവേഷം സോണിയയ്‌ക്ക്‌ നല്‍കിയിരിക്കുന്നത്‌. ഒട്ടേറെ കയ്യുള്ള രൂപത്തില്‍ ഓരോന്നിലും കോണ്‍ഗ്രസ്സിന്റെ തന്നെ വിവിധ പോഷക സംഘടങ്ങളുടെ പേരെഴുതിച്ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഉത്തര്‍ പ്രദേശ്‌ തിരഞ്ഞെടുപ്പിന്റെ സമയത്താണ്‌ ഒരു കലാകാരന്‍ ഇത്തരമൊരു ചിത്രം വരച്ച്‌ ഇവിടത്തെ പാര്‍ട്ടി ഓഫീസില്‍ സ്ഥാപിച്ചതെന്ന്‌ കോണ്‍ഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ്‌ എ.എസ്‌ സോണി പറഞ്ഞു. ഇത്‌ ഒരു കലാസൃഷ്ടിമാത്രമാണെന്നും ഇതുവരെ ഇതിനെതിരെ ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഈ പ്രവണതയില്‍ എല്ലാ കോണ്‍ഗ്രസ്സ്‌ നേതാക്കളും അത്ര സന്തുഷ്ടരല്ല. സോണിയയെ ഇത്തരത്തില്‍ ഒരു ഹിന്ദു ദേവതയായി ചിത്രീകരിയ്‌ക്കുന്ന നീക്കം ശരിയല്ലെന്നാണ്‌ മൊറാദാബാദിലെ മുന്‍ കോണ്‍ഗ്രസ്‌ എംപി ഹാഫിസ്‌ സിദ്ദിഖിന്റെ അഭിപ്രായം. സോണിയാ ഗാന്ധിയെ ഇത്തരമൊരു രൂപത്തില്‍ കാണാന്‍ സാധിയ്‌ക്കില്ല. മതേതരസ്വഭാവമുള്ള കോണ്‍ഗ്രസ്സില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത്‌ എല്ലാ പ്രവര്‍ത്തകര്‍ക്കും സ്വീകാര്യവുമായിരിക്കില്ല. ഇത്‌ പാര്‍ട്ടിയുടെ പ്രതിഛായയ്‌ക്ക്‌ മങ്ങലേല്‍പ്പിയ്‌ക്കും - അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്സില്‍ എല്ലാ മതവിഭാഗത്തില്‍ നിന്നും അംഗങ്ങളുണ്ട്‌ . അങ്ങനെയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളെ പ്രത്യേകിച്ചും സോണിയാ ഗാന്ധിയെപ്പോലെ ഒരു വ്യക്തിയെ ഹിന്ദു ദൈവത്തിന്റെ രൂപത്തില്‍ ചിത്രീകരിയ്‌ക്കുന്നത്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്‌തിയുണ്ടാക്കും-മൊറാദാബാദിലെ തന്നെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ ആസാദ്‌ മൗലവി പറയുന്നു.

രാഷ്ട്രീയക്കാരെ ഒരിക്കലും ഏതെങ്കിലും മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിയ്‌ക്കുന്നതും അവര്‍ക്ക്‌ പ്രത്യേക ദൈവങ്ങളുടെ പരിവേഷം നല്‍കാന്‍ ശ്രമിയ്‌ക്കുന്നതും ശരിയല്ലെന്നാണ്‌ മറ്റൊരു നേതാവായ പവന്‍ ഗട്‌വറിന്റെയും അഭിപ്രായം.

ഇതിന്‌ മുമ്പ്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജിയ്‌ക്ക്‌ അന്നപൂര്‍ണ്ണദേവിയുടെ പരിവേഷം നല്‍കി തയ്യാറാക്കിയ പോസ്‌റ്ററുകള്‍ പതിച്ചതിന്റെ പേരില്‍ ബിജെപിയെ വിമര്‍ശിച്ചവരാണ്‌ കോണ്‍ഗ്രസ്സുകാര്‍. ബിജെപിയുടെ അതേ വഴിയ്‌ക്കു തന്നെയാണ്‌ കോണ്‍ഗ്രസ്സും നീങ്ങിയിരിക്കുന്നത്‌.

അന്ന്‌ ബിജെപി പോസ്‌റ്ററില്‍ വാജ്‌പേയിയ്‌ക്ക്‌ വിഷ്ണുവിന്‍റെ രൂപവും എല്‍.കെ അദ്വാനിയ്‌ക്ക്‌ ബ്രഹ്മ ദേവന്റെ രൂപവും രാജ്‌നാഥ്‌ സിംഗിന്‌ ശിവന്റെ രൂപവുമാണ്‌ നല്‍കിയിരുന്നത്‌. വിമര്‍ശനം നടത്തിക്കൊണ്ടുതന്നെ വിമര്‍ശിക്കപ്പെടുന്നവരുടെ പാത പിന്തുടരാന്‍ കോണ്‍ഗ്രസ്സ്‌ തീരുമാനിയ്‌ക്കുകയാണെങ്കില്‍ മറ്റുള്ള കോണ്‍ഗ്രസ്‌ നേതാക്കളും താമസിയാതെ വിവിധ ദേവപരിവേഷങ്ങളില്‍ ജനങ്ങള്‍ക്ക്‌ മുന്നിലെത്തുമെന്നുറപ്പ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X