മഅദ്നിയും സിപിഎമ്മും കരുതലോടെ
തിരുവനന്തപുരം : ജയില്‍വിമോചിതനായ അബ്ദുള്‍ നാസര്‍ മഅദ്നി ഇടതുപക്ഷവുമായി സഹകരിച്ച് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രധാന ഇടതു നേതാക്കളുമായി മഅദ്നി പുലര്‍ത്തുന്ന അടുപ്പവും സഹകരണവും കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്.
മഅദ്നിയെ മുന്നില്‍ നിര്‍ത്തി മുസ്ലിം സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മലപ്പുറത്തുണ്ടായ തിരിച്ചടിയും തങ്ങളുടെ മുന്നേറ്റവും മഅദ്നിയിലൂടെ നിലനിര്‍ത്താനാണ് സിപിഎമ്മിന്റെ നീക്കം.
ജയിലില്‍ നിന്നും പുറത്തുവന്ന മഅദ്നി വിഎസ് അച്യുതാനന്ദനെയും പാലൊളി മുഹമ്മദ് കുട്ടിയെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം പാലൊളിയുമായുളള ചര്‍ച്ചയ്ക്കു ശേഷം മുസ്ലിംലീഗിനെ മഅദ്നി വിമര്‍ശിച്ചതും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കപ്പെടുന്നു.
ഒമ്പതു വര്‍ഷത്തെ നരകതുല്യമായ ജയില്‍ ജീവിതത്തിനു ശേഷം കുറ്റവിമുക്തനാക്കി വിട്ടയയ്ക്കപ്പെട്ട മഅദ്നിയെ സഹാനുഭൂതിയോടെയാണ് കേരളം കാണുന്നത്. മഅദ്നിയുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ട ഒമ്പതു വര്‍ഷങ്ങള്‍ തിരിച്ചു നല്‍കാന്‍ നീതിന്യായസ്ഥാപനങ്ങളില്‍ വ്യവസ്ഥകളൊന്നുമില്ല.
ഒമ്പതു വര്‍ഷത്തെ ജയില്‍വാസവും കുറ്റവിമുക്തനാണെന്ന കോടതി വിധിയും സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന സഹാനുഭൂതി രാഷ്ട്രീയമായി ചൂഷണം ചെയ്ത് അതിലൊരു പങ്ക് മഅദ്നിയുടെ ശിഷ്ടജീവിതത്തിന് നല്‍കാന്‍ സിപിഎമ്മിലെ തന്ത്രശാലികള്‍ തീരുമാനിച്ചാല്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറും.
അത്തരമൊരു കരാര്‍ സിപിഎമ്മും മഅദ്നിയുമായി ഉണ്ടായി എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും സൂചനകള്‍ ആവഴിയാണ് നീങ്ങുന്നത്. പഴയതുപോലെ പിഡിപിയുടെ സംഘാടനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുളള ശാരീരികക്ഷമത മഅദ്നിയില്‍ അവശേഷിക്കുന്നില്ല. ചെറുപ്പക്കാരുടെ ചോരയില്‍ തീകോരിയൊഴിച്ച പ്രഭാഷണചാതുര്യം അതേയളവില്‍ തുടരാന്‍ തനിക്കാവില്ലെന്ന് മഅദ്നി തുറന്നു പറഞ്ഞു കഴിഞ്ഞു.
ഇനി ലാഭകരവും ആയാസരഹിതവുമായ വഴി മുസ്ലിം സമുദായത്തില്‍ സിപിഎമ്മിന്റെ ബ്രാന്റ് അംബാസഡറായി പ്രവര്‍ത്തിക്കുക എന്നതാണ്. സ്വതന്ത്ര പരിവേഷവും കൃത്യസമയത്ത് ലക്ഷ്യം കാണുന്ന സഹായവും എന്ന നയമായിരിക്കും മഅദ്നി സ്വീകരിക്കുക.
മുസ്ലിം സമുദായത്തിന്റെ പാര്‍ട്ടിയല്ല ലീഗ് എന്ന് പറഞ്ഞ് അദ്ദേഹം ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു. അവര്‍ണമുന്നേറ്റത്തിന് ലീഗ് ശ്രമിച്ചതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. മലപ്പുറത്ത് സിപിഎമ്മിന്റെ തലതൊട്ടപ്പനായ പാലൊളി മുഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് മഅദ്നിയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
കേരളം ബംഗാളാക്കുക എന്ന സിപിഎം അജണ്ടയ്ക്ക് കിട്ടിയ അപ്രതീക്ഷിത ആയുധമാണ് മഅദ്നി. അവരത് എങ്ങനെ ഉപയോഗിക്കുമെന്നത് കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ നീക്കവും.












Click it and Unblock the Notifications