പാഠത്തിന് ഗൂഢലക്ഷ്യമെന്ന് പരിഷത്ത്
കോഴിക്കോട് : പാഠം മാസികയുടെ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഢതാല്‍പര്യമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്.
പരിഷത്ത് പാഠം മാസികയ്ക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതി അവരെ വെറുതെ വിട്ടു എന്നതു കൊണ്ട് പരിഷത്തിനെതിരെ പാഠമുന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചുവെന്ന പ്രചരണം കോടതിവിധിയുടെ ദുര്‍വ്യാഖ്യാനമാണ്. പരിഷത്തിനെതിരെ പാഠം മാസികയില്‍ വന്ന ലേഖനങ്ങള്‍ അപകീര്‍ത്തികരമെന്നു തന്നെയാണ് കോടതി വിലയിരുത്തിയതെന്നും സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി സി എം മുരളീധരനും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
കോടതിവിധിയോട് പരിഷത്ത് യോജിക്കുന്നില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. സിഡിഎസില്‍ നിന്നും പിഎല്‍ഡിപി പദ്ധതിയ്ക്ക് ലഭിച്ച തുക നെതര്‍ലാന്റ്സ് സര്‍ക്കാരില്‍ നിന്നും ലഭിച്ചതാകയാല്‍ അത് വിദേശഫണ്ടാണെന്ന നിഗമനത്തോടും പരിഷത്ത് യോജിക്കുന്നില്ല. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും പരിഷത്ത് വ്യക്തമാക്കി.
സിഡിഎസ്, പത്രങ്ങള്‍ മുഖേന അപേക്ഷ ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിഷത്ത് ഗവേഷണ പ്രോജക്ട് ഏറ്റെടുത്തത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി മുന്നൂറിലധികം പ്രോജക്ടുകള്‍ സിഡിഎസ് നല്‍കിയിരുന്നു. ഇതിലൊന്നു മാത്രമാണ് പരിഷത്തിന്റെ ഗവേഷണസ്ഥാപനമായ ഐആര്‍ടിസി ഏറ്റെടുത്തത്.
ഇക്കാര്യങ്ങള്‍ വിവാദമുണ്ടായ കാലത്തു തന്നെ ശാസ്ത്രസാഹിത്യ പരിഷത്ത് വിശദീകരിച്ചുവെന്നും പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നു.
ഗവേഷണത്തെ ജനകീയമാക്കുന്നതില്‍ വലിയൊരു കാല്‍വെപ്പായിരുന്നു പിഎല്‍ഡിപി. ഐആര്‍ടിസി കേരളത്തില്‍ തെരഞ്ഞെടുത്ത അഞ്ചു പഞ്ചായത്തുകളില്‍ പ്രാദേശിക ആസൂത്രണ നിര്‍വഹണ മാതൃകകള്‍ രൂപപ്പെടുത്താനാണ് ഈ പ്രൊജക്ട് വഴി ശ്രമിച്ചത്. ഇതിന് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഡപ്യൂട്ടേഷനില്‍ വന്നവരുടെ ശമ്പളം, പരിശീലനച്ചെലവ്, അച്ചടി തുടങ്ങിയവക്കാണ് സിഡിഎസ് നല്‍കിയ തുകയായ 101.48 ലക്ഷം രൂപ ഉപയോഗിച്ചത്. ഇതില്‍ സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തു.
നവലിബറല്‍ അജണ്ടകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് ജനപക്ഷ വികസന നയത്തിനായി പ്രയത്നിക്കുന്ന സംഘടനയാണ് പരിഷത്ത്. സംഘടനയെ താറടിക്കുന്നതിനും പരിഷത്തിലെ ചില മുതിര്‍ന്ന വ്യക്തികളെ തേജോവധം ചെയ്യുന്നതിനും നടക്കുന്ന ശ്രമങ്ങള്‍ക്ക് പിറകില്‍ മറ്റെന്തൊക്കെയോ ലക്ഷ്യമാണുള്ളത്. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന് പരിഷത്ത് ഭാരവാഹികള്‍ പ്രത്യാശിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications