ശക്തി പ്രകടിപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍ റാലി സംഘടിപ്പിക്കുന്നു.
തൃശൂര്‍ : നേരിട്ട് രാഷ്ട്രീയത്തിലിറങ്ങിയില്ലെങ്കിലും തങ്ങളുടെ വോട്ട് ബാങ്കിന്റെ ബലം പ്രദര്‍ശിപ്പിച്ച് രാഷ്ട്രീയ കക്ഷികളെ വെല്ലുവിളിയ്‌ക്കാന്‍ ക്രൈസ്‌തവ സഭകളൊരുങ്ങുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്‌ക്കരണ പദ്ധതികള്‍ക്കെതിരെ നിയോജക മണ്ഡലടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള റാലികള്‍ ഇതാണ് ലക്ഷ്യമാക്കുന്നത്.
ക്രൈസ്‌തവ സഭയുടെ മിക്കവാറും പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട തൃശൂര്‍ ജില്ലയില്‍ തന്നെയാണ് പുതിയ നിയോജക മണ്ഡലടിസ്ഥാനത്തിലുള്ള റാലികള്‍ക്കും ആരംഭം കുറിയ്‌ക്കുന്നത്.
ജില്ലയിലെ ക്രൈസ്‌തവ സഭകള്‍ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള ഇരിങ്ങാലക്കുട രൂപതയിലെ മാള, തൃശൂര്‍ അതിരൂപതയിലെ മണലൂര്‍ എന്നിവിടങ്ങളിലാണ് ക്രൈസ്‌തവ നേതൃത്വം ഞായറാഴ്‌ച റാലി സംഘടിപ്പിച്ചിട്ടുള്ളത്.
പുരോഹിതന്‍മാര്‍ വിളിച്ചാല്‍ ആളെക്കിട്ടില്ലെന്ന ഇടതുപക്ഷ നേതാക്കളുടെ പ്രസ്‌താവനകള്‍ക്ക് മറുപടി കൊടുക്കാന്‍ കൂടിയാണ് ഇത്തരം റാലികളിലൂടെ സഭ ലക്ഷ്യമിടുന്നത്.
അടുത്ത ദിവസങ്ങളിലായി കൂടുതല്‍ മണ്ഡലങ്ങളില്‍ റാലി സംഘടിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് സഭാ നേതൃത്വം പറയുമ്പോള്‍ തങ്ങളുടെ വോട്ട് ബാങ്ക് ശക്തി രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തുകയും കൂടൂതല്‍ വില പേശാനുള്ള ശക്തി നേടുകയുമാണ് സഭയുടെ തന്ത്രമെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു


Click it and Unblock the Notifications