പ്രണയദിനത്തില്‍ വിവാഹം കഴിപ്പിക്കലും കരിതേയ്‌ക്കലും
ഭോപ്പാല്‍: പ്രണയദിനം ആഘോഷിച്ചതിന് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രണയികളെന്ന് തെറ്റിദ്ധരിച്ച് വിവാഹിതരെ വീണ്ടും നിര്‍ബ്ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുകയും വിദേശ വനിതയുടെ മുഖത്ത് കറുത്തചായം തേയ്‌ക്കുകയും ചെയ്‌തു.
ഭോപ്പാല്‍ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയുമാണ് പ്രണയദിനം പ്രമാണിച്ച് പാര്‍ക്കിലെത്തിയതാണെന്ന് തെറ്റിദ്ധരിച്ച് പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധപൂര്‍വ്വം കല്യാണം കഴിപ്പിച്ചത്.
ഭോപ്പാലിലെ വിഐപി റോഡില്‍ ഭോപ്പാല്‍ സ്വദേശിക്കൊപ്പം കണ്ട വിദേശവനിതയുടെ മുഖത്താണ് പ്രവര്‍ത്തകര്‍ കരിതേച്ചത്.
ഭോപ്പാലിലെ കമല പാര്‍ക്കില്‍ നിന്നും ഒരു മരച്ചുവട്ടില്‍ നിന്നാണ് ഇരുപത്തിയഞ്ചുകാരന്‍ ആശിഷ് റാണുവിനെയും
ഇരുപത്തിമൂന്നുകാരി ദിവ്യ സിംങിനെയും പ്രവര്‍ത്തകര്‍ പിടികൂടിയത്.
പിടികൂടിയ ഉടനെ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇവര്‍ പറഞ്ഞതിനെത്തുര്‍ന്ന് താലിയും കുങ്കുമവുമൊക്കെ കൊണ്ടുവന്ന് പ്രവര്‍ത്തകര്‍ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. പ്രവര്‍ത്തകരുടെ നിര്‍ബ്ബന്ധത്തെത്തുടര്‍ന്ന് ആശിഷ് ദിവ്യയെ കുങ്കുമം ചാര്‍ത്തുകയും താലികെട്ടുകയും ചെയ്‌തു.
അപ്പോഴേയ്‌ക്കും വിവരമറിഞ്ഞെത്തിയ പൊലീസ് ദമ്പതികളെ രക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുമാസം മുമ്പാണ് ആശിഷും ദിവ്യയും വിവാഹിതരായതെന്ന് കണ്ടെത്തിയത്. ദിവ്യയാകട്ടെ ബജ്‌രംഗ് ദളിന്റെ വനിതാ വിഭാഗത്തില്‍ അംഗവുമാണ്.
ഇത്രയുമറിഞ്ഞപ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്കുപറ്റിയ അമളി പിടികിട്ടിയത്. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞവരാണെങ്കില്‍ പ്രണയദിനത്തില്‍ ഇവരെന്തിന് പാര്‍ക്കിലെ മരച്ചുവട്ടിലെത്തിയെന്ന് പൊലീസിനോട് മറുചോദ്യം ചോദിച്ചാണ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കുപറ്റിയ അമളി മറച്ചത്.












Click it and Unblock the Notifications