അസമില് കാല അസര്‍ സ്ഥിരീകരിച്ചു
ഹുവാഹത്തി: കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറെപ്പേരുടെ മരണത്തിന് ഇടയാക്കിയ കറുത്ത പനി (കാല അസര്‍) രോഗം അസമില്‍ 27 പേര്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്.
കാല അസര്‍ ബാധിച്ചുവെന്ന് സംശയിച്ച് ഗുവാഹത്തി മെഡിക്കല് കോളെജില് പ്രവേശിപ്പിച്ചിരുന്ന 30 പേരുടെ രക്തം പരിശോധിച്ചപ്പോള്‍ 27 പേര്‍ക്കും അസുഖമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒറീസയില്‍ ഏറെപ്പേര്‍ക്ക് കാല അസര്‍ ബാധിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രോഗം ബാധിച്ചുവെന്ന് സംശയിക്കുന്നവരുടെ രക്തം പരിശോധനയ്‌ക്കായി പട്‌നയിലെ റീജ്യണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലേയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റീജ്യണല്‍ ഡയറക്ടര്‍ പാര്‍ഥ ജ്യോതി ഗൊഗോയ് അയിറിയിച്ചു. കാല അസര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അസമിലെ മെഡിക്കല്‍ കോളെജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്‌തിട്ടുണ്ട്.
പട്ടി, പൂച്ച, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്നും മണല്‍ ഈച്ചയില്‍ നിന്നുമാണ് ഇത്തരം രോഗം പകരുന്നത്. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അസുഖമാണിത്. രാത്രികാലങ്ങളിലെ പനി, രക്തസ്രാവം, ശരീരം ശോഷിക്കല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രക്തം, മജ്ജ, മറ്റ് ആന്തരികാവയവങ്ങള്‍ എന്നിവയില്‍ നടത്തുന്ന പരി ശോധനയിലൂടെയാണ് രോഗം കണ്ട് പിടിക്കുന്നത്.
88 രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം 20 ലക്ഷം ജനങ്ങള്‍ക്ക് ഈ രോഗം പിടിപ്പെടാറുണ്ടെന്നാണ് കണക്ക്. ഇതില്‍ 90 ശതമാനം കേസ്സുകളും ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, നേപ്പാള്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. 2001ല്‍ 59,000 പേരാണ് ഈ രോഗം മൂലം മരണമടഞ്ഞത്.












Click it and Unblock the Notifications