ആദായനികുതി 44,000 രൂപ വരെ ലാഭിക്കാം
ദില്ലി: ധനമന്ത്രി പി.ചിദംബരം പ്രഖ്യാപിച്ച ആദായനികുതിയിളവിനെ തുടര്‍ന്ന് നികുതിദായകര്‍ക്ക് 44,000 രൂപ വരെ നികുതിയിനത്തില്‍ ലാഭിക്കാനാവും. കുറഞ്ഞത് 4000 രൂപയും.
പുതിയ നികുതി ഘടന അനുസരിച്ച് 10 ലക്ഷം രൂപ വരുമാനമുള്ള ഒരാള്‍ ആദായനികുതിയായി നല്‍കേണ്ടത് 2,05,000 രൂപയാണ്. നേരത്തെ ഇത് 2,49,000 രൂപയായിരുന്നു. സ്ത്രീകള്‍ നല്‍കേണ്ടി വരുന്ന നികുതി 2,01,000 രൂപയായിരിക്കും. പഴയ നികുതി ഘടനയില്‍ ഇത് 2,45,500 രൂപയായിരുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ 1,97,500 രൂപ നികുതിയായി നല്‍കിയാല്‍ മതി. നേരത്തെ ഇത് 2,36,000 രൂപയായിരുന്നു.
പുതിയ നികുതി ഘടന അനുസരിച്ച് ഒന്നര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ 10 ശതമാനം നികുതിയാണ് നല്‍കേണ്ടത്. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 20 ശതമാനവും അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ 30 ശതമാനവുമാണ് നികുതി.
ഇതനുസരിച്ച് 10 ലക്ഷം രൂപ വരുമാനമുള്ള ഒരാള്‍ ഒന്നര ലക്ഷം രൂപ വരെ നികുതിയൊന്നും നല്‍കേണ്ടതില്ല. ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ 15,000 രൂപയാണ് നികുതിയായി നല്‍കേണ്ടത്. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 40,000വും അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ ഒന്നര ലക്ഷവും നികുതിയായി നല്‍കണം.
പഴയ നികുതി ഘടനയില് 1.1 ലക്ഷം രൂപ വരെയായിരുന്നു നികുതി ബാധകമല്ലാത്ത പരിധി. അതിനാല്‍ 1.5 ലക്ഷം രൂപ വരെ 4,000 രൂപ ആദായനികുതി നല്‍കേണ്ടിയിരുന്നു. തുടര്‍ന്നുള്ള മൂന്ന് സ്ലാബുകളില്‍ യഥാക്രമം 35,000, 60,000, 1,50,000 എന്നിങ്ങനെയും നികുതി നല്‍കേണ്ടിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications