കോടതിയലക്ഷ്യ നിയമം ആവശ്യം
ദില്ലി : കോടതിയലക്ഷ്യ നിയമം സാധാരണക്കാര്‍ക്ക് സംരക്ഷിതാവരണമാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്.
കോടതി ഇടപെടുമെന്ന ഭയം മൂലമാണ് പലരും ഉത്തരവുകള്‍ പാലിക്കാന്‍ തയ്യാറാകുന്നത്. അതിനാല്‍ കോടതിയലക്ഷ്യ നിയമം പാടേ ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഈ നിയമം ദുരുപയോഗം ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നും ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി ജഡ്ജിമാര്‍ ഈ നിയമം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സങ്കല്‍പം. കോടതി റിപ്പോര്‍ട്ടിംഗും നീതി നടത്തിപ്പും എന്ന വിഷയത്തെക്കുറിച്ച് നടന്ന മാധ്യമ ശില്‍പ ശാലയില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു സുപ്രിം കോടതി ചീഫ് ജസ്റ്റിസ്.
മാന്യന്മാര്‍ക്ക് പോകാന്‍ പറ്റാത്ത സ്ഥലമായി കോടതികള്‍ മാറുന്നുവെന്നും കോടതിയില്‍ പോകുന്നതു തന്നെ ഒരു ശിക്ഷയായി മാറുന്നുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കീഴ്‍ക്കോടതികളുടെ ദുസ്ഥിതിയ്ക്ക് കാരണമാണ്.
മാനഭംഗക്കേസുകളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും പ്രതികളെ ഒഴിവാക്കണോ എന്നത് തീരുമാനിക്കേണ്ടത് നിയമനിര്‍മ്മാണ സഭയാണ്. ആരോപിതന് ദുരുദ്ദേശം ഇല്ലെങ്കില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്നും ഒഴിവാകാമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പ്രസ് ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭ്യമാക്കും. മാധ്യമ ശില്‍പ ശാല രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications