കറുത്ത പ്രസിഡന്റിനെ സ്വീകരിക്കാന്‍ യു.എസ്. സന്നദ്ധമെന്ന് സര്‍വേ
ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിനെ സ്വീകരിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കറുത്ത വര്‍ഗക്കാരനായ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബരാക്ക് ഒബാമയ്‌ക്ക് പ്രതീക്ഷ നല്‍കുന്നതാണ് റിപ്പോര്‍ട്ട്.
76 ശതമാനം അമേരിക്കക്കാര്‍ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റിനെ പിന്തുണയ്‌ക്കുന്നുവെന്നാണ് സര്‍വ്വേയില്‍ വ്യക്തമായത്. അതേസമയം, വനിതാ പ്രസിഡന്റിനെ സ്വീകരിക്കാന്‍ രാജ്യം സന്നദ്ധമാണെന്ന നിലപാട് 63 ശതമാനം പേര്‍ക്കേ ഉള്ളൂ. സി.എന്‍. എന്നും എസന്‍സ് മാസികയും ഒപ്പീനിയന്‍ റിസേര്‍ച്ച് കോര്‍പ്പറേഷനും സംയുക്തമായാണ് സര്‍വേ നടത്തിയത്.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 62 ശതമാനം പേരേ കറുത്ത പ്രസിഡന്റിനെ പിന്തുണച്ചിരുന്നുള്ളൂ. അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്റാകാന്‍ സാധ്യതയുള്ള ബരാക്ക് ഒബാമയും ആദ്യ വനിതാ പ്രസിഡന്റ് എന്ന ബഹുമതി സ്വന്തമാക്കാനിടയുള്ള ഹിലാരി ക്ലിന്റണും തമ്മില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി നടക്കുന്ന മത്സരം മുറുകാന്‍ സര്‍വേ ഫലം ഇടയാക്കുമെന്നാണ് കരുതുന്നത്.
2025 പ്രതിനിധികളുടെ പിന്തുണയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടത്. ഒബാമയ്‌ക്ക് 1634 പേരുടെയും ഹിലാരിക്ക് 1500 പേരുടെയും പിന്തുണയുണ്ട്.
അതേസമയം, ഡെമേക്രാറ്റുകളുടെ ഇടയില്‍ ഒബാമയോടുള്ള ആഭിമുഖ്യം കുറഞ്ഞതായി മറ്റൊരു സര്‍വേ ഫലം പറയുന്നു. ന്യൂയോര്‍ക്ക് ടൈംസും സിബിഎസ് വാര്‍ത്താ ചാനലും സംയുക്തമായി നടത്തിയ സര്‍വേ പ്രകാരം കഴിഞ്ഞ സര്‍വേയില്‍ ലഭിച്ചതിനേക്കാള്‍ ഏഴ് ശതമാനം പിന്തുണ കുറവാണ് ഇത്തവണ ഒബാമയ്‌ക്ക്.
ഫിബ്രവരിയില്‍ നടത്തിയ സര്‍വേയില്‍ 67 ശതമാനം ഡെമോക്രാറ്റുകള്‍ ഒബാമയെ പിന്തുണച്ചിരുന്നു. 28 ശതമാനം പേരേ ഹിലാരിയെ പിന്തുണച്ചിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ 47 ശതമാനം പേരുടെ പിന്തുണയേ ഒബാമയ്‌ക്കുള്ളൂ. ഹിലാരിക്ക് 42 ശതമാനം പേരുടെ പിന്തുണയുണ്ട്.
ഏപ്രില്‍ 22ന് പെന്‍സില്‍വാനിയയില്‍ നടക്കുന്ന നിര്‍ണായക പ്രൈമറിക്കുള്ള തയ്യാറെടുപ്പിലാണ് ഒബാമയും ഹിലാരിയും.












Click it and Unblock the Notifications