മക്കളില്ലാത്ത വ്യാപാരി സ്വത്തുക്കള്‍ ജോലിക്കാരന് നല്‍കി
അഹമ്മദാബാദ്: മക്കളില്ലാത്ത ആഭരണവ്യാപാരി തന്റെ സ്വത്തുക്കള്‍ മുഴുവന്‍ വീട്ടുജോലിക്കാരന്റെ പേരില്‍ എഴുതിവച്ചതായി കണ്ടെത്തി.
ബുധലാല്‍ സവേരിയെന്ന കോടീശ്വരനാണ് ജോലിക്കാരനായിരുന്ന നാരായണ്‍ ഭായിയുടെ പേരില്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ എഴുതിവച്ചത്. ഇപ്പോള്‍ 1,100 കോടി രൂപ വിലമതിയ്‌ക്കുന്നതാണ് സ്വത്തുക്കള്‍. സ്വര്‍ണം, ബാങ്ക് നിക്ഷേപം, വസ്‌തുവകകള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണിത്.
1987ലാണ് ബുധലാല്‍ വില്‍പ്പത്രം തയ്യാറാക്കിയത്. അന്ന് 364കോട ിരൂപ വിലമതിച്ചിരുന്നതാണ് ഈ സ്വത്തുക്കള്‍. എട്ടാമത്തെ വയസ്സിലാണ് നായയെ പരിപാലിക്കാന്‍ വേണ്ടി നാരായണ്‍ ഭായി ബുധലാലിന്റെ വീട്ടിലെത്തിയത്. പിന്നീട് അയാള്‍ ആ കുടുംബത്തിന്റെ ഭാഗമായി.
ബുധലാല്‍ താമസിച്ചിരുന്ന വലിയ വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസിലായിരുന്നു നാരായണ്‍ ഭായിയുടെ താമസം. 1987ല്‍ ബുധലാല്‍ മരിക്കുന്നതുവരെ നാരായണ്‍ ഭായിയും ഒപ്പമുണ്ടായിരുന്നു. മക്കളില്ലാത്ത് ബുധലാലിനും ഭാര്യയ്‌ക്കും ഏക ആശ്രയം ഇയാളായിരുന്നു.
ഏതാനും മാസം മുമ്പ് നാരായണ്‍ ഭായി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ നീരു, വര്‍ഷ, അരുണ എന്നിവര്‍ ചേര്‍ന്ന് പഴയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബുധലാല്‍ എഴുതിയ വില്‍പ്പത്രം കണ്ടെത്തിയത്. ഉപയോഗിക്കാതിട്ട മുറിയില്‍ പഴയതുണിക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് വില്‍പ്പത്രരേഖകള്‍ കണ്ടെത്തിയത്.
മക്കളില്ലാത്ത തന്റെ സ്വത്തില്‍ ബന്ധുക്കള്‍ കണ്ണുവയ്‌ക്കുന്നതറിഞ്ഞ് ബുധലാല്‍ ജോലിക്കാരന്റെ പേരില്‍ വില്‍പ്പത്രം എഴുതുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഓര്‍ക്കാപ്പുറത്ത് കോടികളുടെ സ്വത്ത് കൈവശംവന്ന നാരായണ്‍ഭായിയുടെ മക്കള്‍ ഭയന്ന് വീട്‌പൂട്ടി മറ്റെവിടേയ്‌ക്കോ താമസം മാറ്റിയിരിക്കുകയാണത്രേ. വില്‍പ്പത്രപ്രകാരം തങ്ങളുടെ അവകാശം തെളിയിക്കാന്‍ അഹമ്മദാബാദിലെ കോടതിയില്‍ ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications