സ്‌തനാര്‍ബുദമുണ്ടെന്ന് കരുതി 45 കാരിയുടെ മാറിടം നീക്കം ചെയ്‌തു
ദില്ലി: സ്‌തനാര്‍ബുദമില്ലാഞ്ഞിട്ടും ഡോക്ടര്‍മാര്‍ നാല്‍പത്തിയഞ്ചുകാരിയുടെ മാറിടം നീക്കം ചെയ്‌തു. ദില്ലയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം നടന്നത്.
ബീഹാര്‍ സ്വദേശിയായ കുമുദ് ദേവിയെയാണ് ഡോക്ടര്‍മാര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായക്കിയത്. ശസ്‌ത്രക്രിയയ്‌ക്ക് മുമ്പ് മാറിടത്തിലെ കലകള്‍ പരിശോധിച്ചപ്പോള്‍ സ്‌തനാര്‍ബുദമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരുടെ വലതു മാറിടം നീക്കം ചെയ്‌തതത്.
എന്നാല്‍ പിന്നീട് ശസ്‌ത്രക്രിയയ്‌ക്കുശേഷം നടത്തിയ പരിശോധനയില്‍ കലകളില്‍ കാന്‍സര്‍ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ് പത്തുദിവസങ്ങള്‍ക്കുശേഷമാണ് കാന്‍സര്‍ ബാധയില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമായത്.
ഇക്കാര്യമറിഞ്ഞപ്പോള്‍ എനിയ്‌ക്ക് സംസാരിക്കാന്‍ കഴിയാതായിപ്പോയി കരയുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍- കുമുദ് ദേവി ചോദിക്കുന്നു. കുമുദ് ദേവിയ്‌ക്ക് കാന്‍സര്‍ ബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ തകര്‍ന്നുപോയതാണ് ഇവരുടെ കുടുംബം. അമ്മയുടെ അസുഖവാര്‍ത്തയറിഞ്ഞ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ മകന് തന്റെ പരീക്ഷകള്‍ പോലും എഴുതാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ രോഗമില്ലാഞ്ഞിട്ടും ശ്‌സ്‌ത്രക്രിയ നടത്തിയതിനാല്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്. മാറിടം മുറിച്ചുമാറ്റിയതിനും ഇതിനായി ചെലവാക്കിയ സമയത്തിനും പണത്തിനും പരിഹാരം ലഭിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ കുമുദ് ദേവിയുടെയും കുടുംബത്തിന്റെയും ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എഐഐഎംഎസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് രോഗികളുടെ ശരീരത്തില്‍ നിന്നെടുത്ത കലകളുമായി മാറിപ്പോയതുകൊണ്ടായിരിക്കണം ശസ്‌ത്രക്രിയയ്‌ക്കുശേഷം കിട്ടിയ റിപ്പോര്‍ട്ടില്‍ കാന്‍സറില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications