കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയ്ക്കെതിരെ രണ്ടും കല്‍പിച്ച്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ ഒഴികെയുളള ഘടകകക്ഷികളുടെ പിന്തുണയോടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സിപിഎം തീരുമാനം. പദ്ധതിയെക്കുറിച്ചുളള അന്തിമ തീരുമാനം അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായതോടെ, സിപിഐയ്ക്കെതിരെ നേരിട്ടുളള ആക്രമണത്തിനിറങ്ങാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ശകുനം മുടക്കികളായ ഘടകകക്ഷികളാണ് ഭക്ഷ്യസുരക്ഷാ പദ്ധതിയെ തുരങ്കം വെയ്ക്കുന്നതെന്ന് ഡിവൈഎഫ്ഐ ആക്ഷേപിച്ചതിനു പിന്നാലെ സിപിഐയ്ക്കെതിരെ തുറന്ന വിമര്‍ശനവുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും രംഗത്തെത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്ക് പാരവെച്ച സിപിഐ തെറ്റു തിരുത്തണമെന്നാണ് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി സിപിഐയ്ക്ക് മൂക്കു കയറിടാനുളള പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനമാണ് ഇ പി ജയരാജന്റെ പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നത്.

തങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ സിപിഎം മുന്നോട്ട് പോയാല്‍ ചെറുക്കാന്‍ തന്നെയാണ് സിപിഐയുടേയും തീരുമാനം. തങ്ങളുടെ വകുപ്പു വഴി ബദല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് ഭക്ഷ്യ സുരക്ഷാ പദ്ധതി തകര്‍ക്കാമെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു. ഇതിനായി വകുപ്പു തലത്തില്‍ വന്‍പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടത്രേ!

കൃഷി, മൃഗസംരക്ഷണ വകുപ്പുകളാണ് ഭക്ഷ്യ സുരക്ഷാ പദ്ധതിയെ തകര്‍ക്കാനുളള വഴികള്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ വകുപ്പുകള്‍ ഭരിക്കുന്നത് കേരളം കണ്ട ഏറ്റവും കഴിവുകെട്ട മന്ത്രിമാരാണെന്ന് പാര്‍ട്ടിയ്ക്കുളളില്‍ ഒരുവിഭാഗത്തിനു തന്നെ ആക്ഷേപമുണ്ട്. സര്‍വീസ് മേഖലയിലും പുറത്തും സിപിഎമ്മിന്റെ സംഘടനാ സ്വാധീനത്തെ അതിജീവിക്കാനുളള കെല്‍പ് മുല്ലക്കര രത്നാകരനും സി ദിവാകരനും ഉണ്ടോ എന്ന് സിപിഐക്കാര്‍ തന്നെ പരസ്പരം ചോദിക്കുന്ന നിലയാണ്.

ദേവസ്വം ബോര്‍ഡിലെ വിവാദത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന ആര്‍എസ്‍പി, ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ മറുകണ്ടം ചാടിയത് സിപിഐയെ വിഷമിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നതാണ് നല്ലതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഐ പൂര്‍ണമായും ഒറ്റപ്പെടുമെന്ന് ഉറപ്പാണ്. മെയ് 20, 21 തീയതികളിലാണ് ഇടതു മുന്നണി യോഗം.

ഇടതുമുന്നണിയിലും മന്ത്രിസഭയിലും പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മും സിപിഐയും തമ്മിലുളള അകലം ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാകുന്നതോടെ കൂടുതല്‍ വര്‍ദ്ധിക്കും. ആസന്നമായ പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഈ വൈരം എത്രകണ്ട് പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍




വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X