സിപിഎം-സിപിഐ തമ്മിലടി പാവപ്പെട്ടവന്റെ വയറ്റത്തടിച്ചു: ചെന്നിത്തല
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പദ്ധതി സംബന്ധിച്ച് സിപിഎമ്മിന്റെയും സിപിഐയുടെയും തമ്മിലടി കേരളത്തിലെ പാവപ്പെട്ടവന്റെ വയറ്റത്തടിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
എല്‍ഡിഎഫ് രണ്ട് വര്‍ഷം ജനവഞ്ചന നടത്തിയെന്നാരോപിച്ച് യുഡിഎഫ് എംഎംല്‍എമാര്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന് പോലും സര്‍ക്കാറിന്റെ ഭരണത്തില്‍ തൃപ്‌തിയില്ല. അതിനാലാണ് രണ്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയ്യാറാകാത്തത്. സര്‍ക്കാറിന് ഇച്ഛാശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.
എത്ര ചര്‍ച്ചചെയ്‌തിട്ടും ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. സിപിഎമ്മും സിപിഐയും ആരാണ് വലുതെന്ന തര്‍ക്കത്തിലാണ്. രണ്ടുവര്‍ഷം കൊണ്ട് 105കര്‍ഷകരാണ് ആത്മഹത്യചെയ്‌തത്- ചെന്നിത്തല ചൂണ്ടിക്കാട്ടി.
ജനങ്ങളെ മറന്നുള്ള ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കുറ്റപ്പെടുത്തി. കഴിഞ്ഞ ആറുമാസമായി ജനങ്ങള്‍ വിലക്കയറ്റം കാരണം ബുദ്ധിമുട്ടുകയാണ്.
സര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ലക്ഷക്കണക്കിന് പണമാണ് ധൂര്‍ത്തടിക്കുന്നത്. കേരളത്തിലെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് 800കോടി രൂപ ഭക്ഷ്യവകുപ്പിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണം- ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications