അമേരിക്കയില്‍ തൊഴിലവസരം കുറയുന്നു
വാഷിങ്‌ടണ്‍: അമേരിക്കയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കമ്പനികള്‍ തുടര്‍ച്ചയായ ഏഴാം മാസവും തൊഴിലുകള്‍ വെട്ടിക്കുറച്ചതോടെ രാജ്യം നാലു വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ നിരക്കിലെത്തിയിരിക്കുകയാണ്
യുഎസ് ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2007ല്‍ മാത്രം 51,000 തൊഴിലുകള്‍ വെട്ടിക്കുറച്ചതായാണ് സര്‍ക്കാറിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം ഈ കാലയളവില്‍വെട്ടിക്കുറച്ചേയ്‌ക്കുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടിയത് 75,000ത്തോളം തൊഴിലുകളാണെന്നത് നോക്കുമ്പോള്‍ ഇപ്പോഴത്തെ കണക്ക് ആശ്വാസകരമാണ്.
എന്നാല്‍ ദേശീയ തൊഴിലില്ലായ്‌മാ നിരക്ക് ജൂണില്‍ മുമ്പ് പ്രതീക്ഷിച്ച 5.5 ശതമാനം എന്നതില്‍ നിന്നും 5.7 ശതമാനം എന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. പാര്‍പ്പിട നിര്‍മ്മാണമേഖലയിലെ മോശം പ്രകനവും എണ്ണവില വര്‍ധനയും മറ്റുമാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ തൊഴിലുകള്‍ വെട്ടിക്കുറയ്‌ക്കാന്‍ കമ്പനികളെ നിര്‍ബ്ബന്ധിതരാക്കിയത്.
ഇനി വരാനിരിക്കുന്ന സംഭവങ്ങളും അമേരിക്കയെ സംബന്ധിച്ച് ശുഭകരമല്ലെന്നാണ് സൂചന. സെപ്‌റ്റംബര്‍ മാസത്തോടെ ആയിരം വൈറ്റ് കോളര്‍ ജോലികള്‍ വെട്ടിക്കുറയ്‌ക്കുമെന്ന് ഓട്ടമൊബൈല്‍ ബിസിനസുകാരായ ക്രിസ് ലര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇതേപോലെതന്നെ നോര്‍ത്ത് വെസ്‌റ്റ് എയര്‍ലൈന്‍ 2,500 തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുമെന്ന് ജൂലൈയില്‍ അറിയിച്ചിരുന്നു. 2008ല്‍ ഇതുവരെ അമേരിക്കന്‍ തൊഴില്‍ രംഗത്ത് 4,63,000 തൊഴിലുകള്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications