സിപിഎം എംപി മുസ്ലീംലീഗിലേയ്ക്ക്....?
കണ്ണൂര്‍ : കരുത്തനായ മുല്ലപ്പളളി രാമചന്ദ്രനെ കണ്ണൂരില്‍ മലര്‍ത്തിയടിച്ച് സിപിഎമ്മിന്റെ വീരപുരുഷനായി ഉയര്‍ന്ന എ പി അബ്ദുളളക്കുട്ടി എം പി മുസ്ലിം ലീഗില്‍ ചേരാനൊരുങ്ങുകയാണോ...?
ഏതായാലും സിപിഎമ്മും അബ്ദുളളക്കുട്ടിയും തമ്മിലുളള ബന്ധം ഏതാണ്ട് അവസാനിച്ച നിലയാണ്. വിശ്വാസപരമായ കാരണങ്ങള്‍ ഉയര്‍ത്തി സിപിഎമ്മില്‍ നിന്ന് നടപടി ചോദിച്ചു വാങ്ങാനൊരുങ്ങുകയാണ് യുവ എം പി.
അദ്ദേഹവുമായുളള അഭിമുഖത്തെ ആസ്പദമാക്കി 2008 സെപ്തംബര്‍ 28 ഞായറാഴ്ചയിലെ വാരാദ്യമാധ്യമത്തില്‍ അന്‍വര്‍ പാലേരി എഴുതിയ ഞാന്‍ മതവിശ്വാസിയായതില്‍ ആര്‍ക്കാണ് ചേതം എന്ന ലേഖനത്തില്‍ അത്തരമൊരു രാഷ്ട്രീയനീക്കത്തിന്റെ സൂചനയുണ്ട്.
താനടക്കമുളള മുസ്ലിങ്ങള്‍ സിപിഎമ്മില്‍ വിശ്വാസപരമായ പ്രതിസന്ധിയനുഭവിക്കുന്നുണ്ടെന്നാണ് അബ്ദുളളക്കുട്ടി പറയുന്നത്. തന്റെ ഉമ്മാമ്മ മരിച്ചപ്പോള്‍ മയ്യത്ത് നമസ്കരിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പാര്‍ട്ടിക്കാരനായതിന്റെ പേരില്‍ മാറിനില്‍ക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തല്‍ ഒന്നും കാണാതെയുളളതല്ല.
മതവിശ്വാസം സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് താന്‍ ഒരു വിലക്കും നേരിടുന്നില്ലെന്ന് അബ്ദുളളക്കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും, വിശ്വാസപരമായ പ്രതിസന്ധികള്‍ അനുഭവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം നിലനിര്‍ത്താന്‍ അഭിമുഖത്തിലുടനീളം ശ്രമിക്കുന്നുണ്ട്.
അടുത്ത തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റ് അബ്ദുളളക്കുട്ടിയ്ക്ക് കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഷംസീറോ, അഖിലേന്ത്യാ പ്രസിഡന്റ് കെ കെ രാഗേഷോ കണ്ണൂരില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്‍ട്ടിയുമായി പലതരത്തിലും അകന്നു കഴിഞ്ഞ തന്റെ രാഷ്ട്രീയ ജീവിതത്തിന് ഇനി അധികം ഉയര്‍ച്ചയൊന്നും സാധ്യമല്ലെന്ന് അബ്ദുളളക്കുട്ടിയ്ക്ക് ബോധ്യമുണ്ട്.
2004ല്‍ ഉമ്മുമ്മ മരിച്ചപ്പോള്‍ മയ്യത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ച് സ്ഥലത്തെ മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകനായ മൈമിക്ക എന്നു വിളിക്കപ്പെടുന്ന മൊയ്തീനെ സമീപിച്ചുവത്രേ. എന്നാല്‍ ഈ ആവശ്യത്തോട് പ്രതികരിക്കാതെ മൊയ്തീന്‍ മുഖം തിരിച്ചു നിന്നു പോലും!
കമ്മ്യൂണിസ്റ്റുകാരനായ താന്‍ മയ്യത്ത് നമസ്കരിക്കുന്നത് ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്ന് കരുതി ചടങ്ങില്‍ നിന്ന് വിട്ടുനിന്നുവെന്നാണ് അബ്ദുളളക്കുട്ടി പറയുന്നത്. പിന്നീട് സ്വന്തം ഉമ്മ മരിച്ചപ്പോള്‍ മയ്യത്ത് നമസ്കാരം നടത്താന്‍ മൊയ്തീന് മടിയുണ്ടായിരുന്നില്ലത്രേ! പ്രതിഷേധമറിയിച്ചപ്പോള്‍ മരിച്ചത് തന്റെ ഉമ്മയാണെന്നും തനിക്ക് മയ്യത്ത് നമസ്കരിക്കാതെ പറ്റില്ലെന്നും മൊയ്തീന്‍ മറുപടി പറഞ്ഞുവെന്നും അഭിമുഖത്തിലുണ്ട്.
ഇത്രയും വെളിപ്പെടുത്തലിനു ശേഷം, തന്നെയും മൊയ്തീനെയും പോലുളളവര്‍ പാര്‍ട്ടിയില്‍ വല്ലാത്ത മാനസിക പ്രതിസന്ധിയനുഭവിക്കുന്നുവെന്നാണ് അബ്ദുളളക്കുട്ടി പറയുന്നത്. ഉമ്മയുടെ മയ്യത്ത് നമസ്കാരത്തിനു ശേഷം മൊയ്തീന്‍ ഏതെങ്കിലും പാര്‍ട്ടി നടപടിക്ക് വിധേയമായോ എന്ന സുപ്രധാന ചോദ്യത്തിന് അഭിമുഖമൊട്ട് ഉത്തരം പറയുന്നുമില്ല.
വിശ്വാസങ്ങളോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്ന മുസ്ലിം മതവിശ്വാസികളില്‍ ഒരു പീഡിതന്റെ വേഷത്തിലാണ് ഇപ്പോള്‍ അബ്ദുളളക്കുട്ടി. കമ്മ്യൂണിസം നിരീശ്വര പ്രത്യയശാസ്ത്രമാണെന്നും അത് കല്ലും മുളളും ഉപയോഗിച്ച് എതിര്‍ക്കപ്പെടേണ്ടതാണെന്നും കത്തോലിക്കാ സഭ കടുത്ത പ്രചരണം നടത്തന്ന വേളയിലാണ് അബ്ദുളളക്കുട്ടിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സിപിഎമ്മിന് ഇത് അവഗണിക്കാനാവുമെന്ന് തോന്നുന്നില്ല.
താന്‍ പണ്ടൊരു യുക്തിവാദിയായിരുന്നുവെന്നും അബ്ദുളളക്കുട്ടി അവകാശപ്പെടുന്നുണ്ട്. വിശ്വാസത്തിന്റെ പാതയിലേയ്ക്ക് തിരിച്ചു വന്ന നിരീശ്വരന്മാരോട് മതവിശ്വാസികള്‍ക്ക് പ്രത്യേകമായ ഒരു സ്നേഹം എപ്പോഴുമുണ്ടാകും. തന്റെ കുടുംബത്തില്‍ എല്ലാ ചടങ്ങുകളും മുസ്ലിം മതാചാര പ്രകാരമാണ് നടക്കുന്നതെന്നും അബ്ദുളളക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.
ഒരുകാലത്ത് കുഞ്ഞാലിക്കുട്ടിയുടെ വത്സലശിഷ്യനായിരുന്ന കെ ടി ജലീല്‍ ഇടതുപക്ഷത്തേയ്ക്ക് ചേക്കേറിയ ഒഴിവ് അബ്ദുളളക്കുട്ടി നികത്തുമോയെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.












Click it and Unblock the Notifications